രൂക്ഷമായ ഗതാഗതക്കുരുക്ക്; പരിഹരിക്കാൻ വർക്ക് ഫ്രം ഹോം, മറ്റ് വഴികളും പരിഗണനയിൽ

ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ദുബായിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഇതിനായി വർക്ക് ഫ്രം ഹോം, ഓഫീസ് സമയത്തിലെ മാറ്റം എന്നിവയെല്ലാം പരിഗണിക്കുമെന്ന് ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ അംഗീകരിച്ച ട്രാഫിക് ഫ്ളോ പ്ലാൻ വ്യക്തമാക്കി.

ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

പുതിയ നയം എങ്ങനെ, എപ്പോൾ നടപ്പാക്കുമെന്ന കാര്യം അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.

ദുബായ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് നേരത്തേ ഒരു പഠനം നടത്തിയിരുന്നു. ദുബായിലെ പൊതുഗതാഗതസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങളും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നാണ് വിവരം.

കുട്ടികൾ സ്കൂളിലേക്കും മുതിർന്നവർ ഓഫീസുകളിലേക്കും പോവുകയും വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കൗൺസിൽ ട്രാഫിക് ഫ്ളോ പ്ലാൻ ദുബായ് ഭരണകൂടത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ഇതിന്റെ ഭാഗമായി ദുബായിലെ സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളിൽ സാധ്യമായവർക്കെല്ലാം വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റും. വർക്ക് ഫ്രം ഹോം രീതിക്ക് ആവശ്യമായ ഡിജിറ്റൽ സംവിധാനങ്ങൾ ദുബായിൽ നിലവിലുണ്ട്.

കഴിഞ്ഞ പേമാരിയിൽ ഒട്ടുമിക്കപേരും വർക്ക് ഫ്രം ഹോം രീതി സ്വീകരിച്ചിരുന്നു. വിദൂര തൊഴിൽസാധ്യത ഉപയോഗപ്പെടുത്തുന്നതിൽ മിക്കവാറും ഓഫീസുകൾക്ക് തടസ്സമുണ്ടാവാനിടയില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.

ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിസമയത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയേക്കും.

സ്കൂൾവിദ്യാർഥികളെ സ്വന്തം കാറുകളിൽ രക്ഷിതാക്കൾ കൊണ്ടുവിടുകയും തിരികെ കൊണ്ടുവരുകയും ചെയ്യുന്നതിന് പകരം സ്കൂൾബസുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതടക്കം പുതിയ ഗതാഗത പരിഷ്കരണപദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇത് സ്‌കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതതിരക്ക് 13 ശതമാനംവരെ കുറച്ചേക്കും. ജനങ്ങളുടെകൂടി പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുകയുള്ളൂവെന്ന് ശൈഖ് ഹംദാൻ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us