ബെംഗളൂരു : അമ്മയെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതേവിട്ട മകന് ഹൈക്കോടതി ശിക്ഷവിധിച്ചു.
കുടക് സമ്പാജെ സ്വദേശി അനിലിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടുമാസം തടവും 10,000 രൂപ പിഴയും വിധിച്ചത്. വിചാരണക്കാലയളവിൽ അനുഭവിച്ച രണ്ടുവർഷത്തെ തടവ് ശിക്ഷയുടെ ഭാഗമായി കണക്കാക്കി.
നവീകരണ നടപടികളുടെ ഭാഗമായി അനിൽ, സമ്പാജെയിലെ സർക്കാർ പ്രൈമറി സ്കൂളിൽ ഹൗസ്കീപ്പിങ്, ഗാർഡനിങ് പോലുള്ള ജോലികൾ ചെയ്യണമെന്നും ജസ്റ്റിസ് കെ.എസ്. മുദഗൽ, ടി.ജി. ശിവശങ്കര ഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും പൊതുവിദ്യഭ്യാസ വകുപ്പും ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം. ജോലി ചെയ്തില്ലെങ്കിൽ 25,000 രൂപ അധികപിഴയും മൂന്നുമാസം തടവും അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
2015 ഏപ്രിലിലാണ് അനിൽ മദ്യലഹരിയിൽ അമ്മ ഗംഗമ്മയെ (60) കൊലപ്പെടുത്തിയത്. അനിൽ തൊഴിച്ചതിനെത്തുടർന്ന് ഗംഗമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന്, ഗംഗമ്മയെ സുള്ള്യയിലെ ആശുപത്രിയിലും മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന്, കൊലപാതക കേസ് രജിസ്റ്റർചെയ്തെങ്കിലും 2017 മാർച്ചിൽ അനിലിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി.
ഗംഗമ്മ മൊഴിനൽകാൻ യോഗ്യയായിരുന്നുവെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വെറുതേവിട്ടത്.
വിചാരണക്കോടതി വിധിക്കെതിരേ മടിക്കേരി പോലീസ് ഹൈക്കോടതിയിൽ ഹർജിനൽകി. മദ്യപാനംമൂലമുള്ള അസുഖം കാരണമാണ് അമ്മ മരിച്ചതെന്നാണ് അനിൽ ഹൈക്കോടതിയിൽ വാദിച്ചത്.
എന്നാൽ, ഗംഗമ്മയ്ക്ക് ഇത്തരമൊരു അസുഖമുള്ളതായി തെളിവില്ലെന്നും മരണമൊഴി വിശ്വസിക്കുന്നതിൽ വിചാരണക്കോടതിക്ക് പിഴവുസംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അനിലിന് ശിക്ഷവിധിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.