ബെംഗളൂരു : ചുട്ടുപൊള്ളുന്ന ചൂടിൽ സംസ്ഥാനത്ത് ഒരുമാസത്തിനിടെ സൂര്യാഘാതമേറ്റത് 366 പേർക്ക്.
മാർച്ച് ഒന്നുമുതൽ 28 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്.
കൂടുതൽ പേർക്ക് സൂര്യാഘാതമേറ്റത് ചിക്കബെല്ലാപുരയിലാണ്. തൊട്ടുപിന്നിൽ മാണ്ഡ്യ, ചിത്രദുർഗ, ബാഗൽക്കോട്ട്, ബെലഗാവി ജില്ലകളുമുണ്ട്.
എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ല.
ഹൃദയവുമായും രക്തവുമായുംബന്ധപ്പെട്ട അസുഖങ്ങളുള്ളവർ ചൂടുകാലത്ത് ഏറെ പ്രയാസപ്പെടുന്നതായും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
വടക്കൻ കർണാടകത്തിലെ പലജില്ലകളിലും താപനില 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ട മാർച്ച് മാസമാണ് കടന്നുപോയത്.
വെള്ളിയാഴ്ച 36.4 ഡിഗ്രി സെൽഷ്യസായിരുന്നു നഗരത്തിലെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 2019-ലാണ് ഇതിനുമുമ്പ് മാർച്ചിൽ 36 ഡിഗ്രിസെൽഷ്യസ് കടന്നത്.
ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നിലവിൽ കടുത്ത ജലക്ഷാമവും ബെംഗളൂരുവിൽ അനുഭവപ്പെടുന്നുണ്ട്.
പ്രതിരോധ മാർഗനിർദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.
- പുറത്തിറങ്ങുമ്പോൾ കൈകളും തലയും മൂടണമെന്നും കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നുമാണ് മുഖ്യനിർദേശം.
- വെയിൽ കൂടിയ സമയങ്ങളിൽ പുറത്തിറങ്ങരുത്. ധാരാളം വെള്ളം കുടിക്കുകയും പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.
- ഗർഭിണികളും കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം.
വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. വരും ദിവസങ്ങളിലും താപനില കൂടാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.