സൂക്ഷിക്കുക; ബെംഗളൂരു നഗരത്തിൽ ക്യാബ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ വ്യാജ സ്ക്രീൻഷോട്ട് കൊണ്ട് ഡ്രൈവർ കബളിപ്പിച്ചത് മാസങ്ങളോളം

ബെംഗളൂരു: നഗരത്തിൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ക്യാബ് ഡ്രൈവർ യാത്രക്കാരെ മാസങ്ങളോളം കബളിപ്പിച്ചതായി റിപ്പോർട്ട്.

ബെംഗളൂരുവിമാനത്താവളത്തിൽ നിന്ന് ക്യാബ് ബുക്ക് ചെയ്യുന്ന യാത്രക്കാരെയാണ് ഡ്രൈവർ കബളിപ്പിച്ച് പണം തട്ടിയിരുന്നത്.

യാത്ര അവസാനിക്കുന്ന സമയത്ത് 5,194 രൂപ ചാർജായെന്ന് പറഞ്ഞ് വ്യാജ സ്ക്രീൻഷോട്ട് ആണ് ഡ്രൈവർ തന്റെ ഫോണിലെ ആപ്പിൽ യാത്രക്കാർക്ക് കാണിച്ചിരുന്നത്.

യഥാർത്ഥ നിരക്കിന്റെ 5 ഇരട്ടിയാണ് ഇയാൾ ഇത്തരത്തിൽ ഓരോ യാത്രക്കാരിൽ നിന്നും ഈടാക്കിയത്.

ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗപ്പെടുത്തി ക്യാബ് ബുക്ക് ചെയ്ത് ഈ തട്ടിപ്പിനിരയായ അഞ്ചോളം യാത്രക്കാർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

2023 ജൂണിനും 2024 ജനുവരിക്കും ഇടയിൽ ഒരേ ഡ്രൈവർ തന്നെയാണ് ബെംഗളൂരു എയർപോർട്ടിലെ ഓല/ഉബർ സോണിൽ നിന്ന് ഇവരെ പിക്കപ്പ് ചെയ്തതെന്നും യാത്രക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒലയും ഊബറും പ്രത്യേക പിക്ക്-അപ്പ് സോണുകൾ സ്ഥാപിച്ചിട്ടുണ്ട്.

എയർപോർട്ടിലെ ക്യാബ് സോണുകളിൽ, ഒരു യാത്രക്കാരൻ ട്രിപ്പ് ബുക്ക് ചെയ്യുമ്പോൾ OTP/PIN സഹിതം ഒരു സ്ഥിരീകരണം ലഭിക്കും.

എന്നാൽ ഒരു കൃത്യമായ വാഹനമോ ഡ്രൈവറെയോ ഇതിനായി നിയമിച്ചിട്ടുണ്ടാകില്ല.

അതിനാൽ യാത്രക്കാർ ക്യൂവിൽ തങ്ങളുടെ ഊഴം കാത്തുനിൽക്കുകയും വരുന്ന ക്യാബുകളിൽ കയറി തങ്ങളുടെ ഒടിപി കാണിക്കുകയും ചെയ്യും.

എന്നാൽ ഒടിപിക്ക് പകരം ഡ്രൈവർ തന്റെ ആപ്പിൽ പുതിയ ട്രിപ്പായിരിക്കും നടത്തുക.

ആപ്പ് പരിശോധിക്കുമ്പോൾ ട്രിപ്പ് കാൻസൽ ചെയ്തതായും യാത്ര ആരംഭിച്ചിട്ടില്ലെന്നും ആണ് ഉപഭോക്താക്കൾക്ക് കാണാൻ കഴിഞ്ഞത്.

സംഭവത്തിൽ ഡ്രൈവർക്കെതിരെ കൃത്യമായ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് വിവരം.

തട്ടിപ്പിനിരയായ യാത്രക്കാർ അഗ്രഗേറ്റർമാരെ നേരിട്ട് സമീപിച്ച് പരാതി രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത്.

യാത്രക്കാർ ഡ്രൈവർ കബളിപ്പിച്ച വിവരം ഒല കാബ്സിനെയും ഊബറിനെയും അറിയിച്ചിട്ടും അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നും പറയുന്നു.

“ഇരയായവർ ഇതുവരെ നേരിട്ട് പരാതിയൊന്നും നൽകിയിട്ടില്ലാത്തതിനാൽ ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

എന്നാൽ ഞങ്ങൾ ഈ പ്രശ്നം പരിശോധിക്കും,” എന്ന് എയർപോർട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മറ്റു ഡ്രൈവർമാരും ഇത്തരത്തിൽ സമാനമായ തട്ടിപ്പുകൾ നടത്തുന്നുണ്ടോ എന്നും വ്യക്തമല്ല.

അഗ്രഗേറ്റർമാർക്ക് കോൾ സെന്റർ സൗകര്യങ്ങൾ ഇല്ലാത്തതും ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ആപ്പ് വഴി തന്നെ പരാതി ഉന്നയിക്കേണ്ടതും വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

കൂടാതെ ക്യാബ് അഗ്രഗേറ്ററുകളുടെ കസ്റ്റമർ കെയർ/ഹെൽപ്പ് സെക്ഷൻ, പൂർത്തിയാക്കിയ ട്രിപ്പുകൾക്കായി മാത്രമേ പ്രവർത്തിക്കൂ എന്നും റദ്ദാക്കിയ റൈഡുകൾക്ക് അവർ ഒരു നടപടിയും സ്വീകരിക്കുകയില്ലെന്നും തട്ടിപ്പിനിരയായ യാഷ് പറയുന്നു.

മറ്റുള്ളവരും ഇത്തരത്തിൽ പറ്റിക്കപ്പെടാതിരിക്കാൻ സംഭവത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാണെന്നും തട്ടിപ്പിനിരയായ യാത്രക്കാർ അറിയിച്ചു.

യാഷ് പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ പ്രിയാസ്‌ന ഗുരുംഗ് എന്ന യുവതിയും താൻ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി പറഞ്ഞ് രംഗത്തെത്തി.

ഒല ക്യാബിൽ തന്റെ യാത്ര ബുക്ക് ചെയ്ത രോഹിത് ശുക്ല എന്ന മറ്റൊരു യാത്രക്കാരനും 2023 ജൂൺ 12 ന് സമാനമായ അനുഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us