കാവേരി നദീജല തർക്കം; മണ്ഡ്യയിൽ നാളെ ബന്ദ്

ബെംഗളുരു: കാവേരി നദീ ജല തര്‍ക്കത്തില്‍ തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു.

വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മണ്ഡ്യയിലെ മളവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

തുടര്‍ന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയായിരുന്നു.

കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളില്‍ ബെംഗളൂരുവിലുള്ളവര്‍ വിട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധത്തിന്‍റെ വ്യാപ്തി അവര്‍ തിരിച്ചറിയുന്നതിനാണ് ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ടി.കെ. ഹള്ളിയിലും പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു.

ഇതിനിടെ, കാവേരി നദീ ജല വിഷയത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതി നാളെ (ശനിയാഴ്ച) മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ബന്ദിന്‍റെ കൂടിയാലോചനകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ യോഗവും ചേര്‍ന്നു.

മണ്ഡ്യയിലെ സമരത്തില്‍ ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മലാനന്ദ സ്വാമി, മണ്ഡ്യ എം.പി സുമലതയുടെ കമന്‍ അഭിഷേക് അംബരീഷ് തുടങ്ങിയവരും പങ്കെടുത്തേക്കും.

മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നവര്‍ ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിലാണ് കൂടുതലായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി. ദയാനന്ദ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു.

നഗരത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കണമെന്നും തമിഴ് ജനത കൂടുതലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നുമാണ് നിര്‍ദേശം.

നഗരത്തിലെ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബി. ദയാനന്ദ പറഞ്ഞു.

വെള്ളിയാഴ്ച ബെംഗളൂരുവിലെ കെ.ആര്‍ പുരത്ത് ഉള്‍പ്പെടെ പ്രതിഷേധ പരിപാടി നടന്നിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കര്‍ഷക സംഘടനകളും കന്നട സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കുനേരെ കല്ലേറ് ഉള്‍പ്പെടെ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൈസൂരു, മണ്ഡ്യ, ചാമരാജ്നഗര്‍, രാമനഗര്‍ തുടങ്ങിയ ഇടങ്ങളിലുണ്ടായ പ്രതിഷേധം ചിത്രദുര്‍ഗ, ബെല്ലാരി, ദാവന്‍ഗര, കൊപ്പാല്‍, വിജയപുര തുടങ്ങിയ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us