ബെംഗളൂരു: ആകാംക്ഷയോടെ കാത്തിരുന്ന നമ്മ മെട്രോയുടെ ബൈയപ്പനഹള്ളി-കെആർ പുര (2 കിലോമീറ്റർ) ഭാഗത്തിന്റെ (2 കിലോമീറ്റർ) പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) വ്യാഴാഴ്ച പൂർത്തിയാക്കി.
വ്യാഴാഴ്ച ഉച്ചയോടെയാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ അനന്ത് മധുകർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. ഇതിന്റെറിപ്പോർട്ട് തിങ്കളാഴ്ച ബി.എം.ആർ.സി.എല്ലിന് കൈമാറുമെന്നാണ് വിവരം.
സിഗ്നലിങ് സംവിധാനം, പാതയിലൂടെ വൈദ്യുതി കടന്നുപോകുന്നതിന്റെ കൃത്യത, യാത്രക്കാർക്കായി ഒരുക്കിയ എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ തുടങ്ങിയവയാണ് മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണർ പരിശോധിച്ചത്.
തുടർന്ന് ബൈയപ്പനഹള്ളിക്കും കൃഷ്ണരാജപുര മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ പുതുതായി നിർമ്മിച്ച ലൈനിന്റെ നിയമപരമായ സുരക്ഷാ പരിശോധന CMRS (സതേൺ സർക്കിൾ) നടത്തി വിജയകരമായി പൂർത്തിയാക്കിയാതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഒരു പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും പാതയിലൂടെ സർവീസ് തുടങ്ങാനുള്ള തുടർനടപടികൾ സ്വീകരിക്കുക.
ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ റിപ്പോർട്ടിൽ നിർദേശിക്കുകയാണെങ്കിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇവ പരിഹരിക്കാനുള്ള സംവിധാനം ബി.എം.ആർ.സി.എൽ ഒരുക്കിയിട്ടുണ്ട്.
ശേഷം മുഴുവൻ പർപ്പിൾ ലൈനിന്റെയും വാണിജ്യ പ്രവർത്തനങ്ങൾ ഈ മാസം അവസാനമോ ഒക്ടോബർ ആദ്യവാരമോ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിർന്ന ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പൂർണതോതിൽ സർവീസ് തുടങ്ങാൻ കെങ്കേരി- ചല്ലഘട്ട പാതയിൽക്കൂടി മെട്രോ ഓടിത്തുടങ്ങണം.
നിർമാണം പൂർത്തിയായ പർപ്പിൾ ലൈനിലെ കെങ്കേരി-ചള്ളഘട്ട സെക്ഷനിൽ അടുത്തയാഴ്ച സിഎംആർഎസ് പരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പർപ്പിൾ ലൈനിലെ പ്രധാന ഭാഗമായാണ് ബൈയപ്പനഹള്ളി മുതൽ കെ.ആർ. പുരം വരെയുള്ള പാതയെ വിശേഷിപ്പിക്കുന്നത്.
കെ.ആർ. പുരം മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള പാതയിലൂടെ സർവീസുകൾ തുടങ്ങിയിരുന്നെങ്കിലും ബൈയപ്പനഹള്ളി- കെ.ആർ. പുരം പാതയിൽ സർവീസ് തുടങ്ങാത്തത് വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർക്ക് സൃഷ്ടിച്ചത്.
വൈറ്റ് ഫീൽഡിലേക്ക് മെട്രോയിൽ പോകുന്നവർ ബൈയപ്പനഹള്ളിയിലിറങ്ങി കെ.ആർ. പുരംവരെ മറ്റ് യാത്രാമാർഗങ്ങൾ തേടേണ്ട സാഹചര്യമാണുണ്ടായിരുന്നത്.
പുതിയപാതയിലൂടെ സർവീസ് തുടങ്ങുന്നതോടെ പ്രതിദിനം 75,000-ത്തോളം യാത്രക്കാരുടെ വർധനയാണ് മെട്രോയധികൃതർ പ്രതീക്ഷിക്കുന്നത്.
നഗരത്തിലെ പ്രധാന ഐ.ടി. മേഖലകളിലൊന്നായ വൈറ്റ്ഫീൽഡിലേക്ക് നഗരത്തിലെ മറ്റുഭാഗങ്ങളിൽനിന്ന് അതിവേഗമെത്താൻ കഴിയുന്നതോടെ ഈ മേഖലയിൽ ജോലിചെയ്യുന്നവർക്കും നേട്ടമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.