ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷൻ ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ തീപിടിച്ച് ഒമ്പതുപേർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തീപ്പിടിത്തമുണ്ടായ ഉടനെ ലാബിൽനിന്ന് രക്ഷപ്പെട്ട രണ്ടുജീവനക്കാരെയാണ് പിടികൂടിയതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
തീപ്പിടിത്തമുണ്ടായ ഉടനെ ഇരുവരും ഓടിരക്ഷപ്പെട്ടെന്നും സുരക്ഷാ ഉപകരണങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ പെട്ടെന്ന് തീയണയ്ക്കാമായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു.
പരിക്കേറ്റവർക്ക് ഏറ്റവുംമികച്ച ചികിത്സ ലഭ്യമാക്കുമെന്നും ക്വാളിറ്റി കൺട്രോൾ ലബോറട്ടറി മറ്റൊരിടത്തേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ തീപിടിച്ച് ചീഫ് എൻജിനിയർ ശിവകുമാർ, ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരായ സന്തോഷ് കുമാർ, കിരൺ, സിറാജ്, മനോജ്, ശ്രീധർ, വിജയമാല, ജ്യോതി, ശ്രീനിവാസ് എന്നിവർക്ക് പരിക്കേറ്റത്.
ഇവർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ആശുപത്രിയിൽ സന്ദർശിച്ചു.
സംഭവത്തെക്കുറിച്ച് ബി.ബി.എം.പി.യുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും പോലീസ് അന്വേഷണവും ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണവും നടക്കുന്നുണ്ട്.
ചീഫ് എൻജിനിയർ കെ. പ്രഹ്ലാദിന്റെ പരാതിയിൽ ഹലസൂരു ഗേറ്റ് പോലീസാണ് കേസെടുത്തത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രൂപ്പ് ഡി ജീവനക്കാരെ ചോദ്യംചെയ്തുവരുകയാണെന്ന് ബെംഗളൂരു സെൻട്രൽ ഡിവിഷൻ ഡി.സി.പി. ശ്രീനിവാസ് ഗൗഡ പറഞ്ഞു.
തീപിടിക്കാൻ വളരെയധികം സാധ്യതയുള്ള ബെൻസീനാണ് അപകടത്തിനുകാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഫൊറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചിട്ടുണ്ട്.
ബി.ജെ.പി. സർക്കാർ ഭരിച്ച 2019-2023 വർഷങ്ങളിൽ ബി.ബി.എം.പി. നടത്തിയ എല്ലാ നിർമാണപ്രവർത്തനങ്ങളെക്കുറിച്ചും കോൺഗ്രസ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് തീപ്പിടിത്തമുണ്ടായത്.
അതിനിടെ, രേഖകൾ നശിപ്പിക്കാൻവേണ്ടി ആരോ മനഃപൂർവം തീയിട്ടതാണെന്നും അന്വേഷണം വേണമെന്നും ബി.ജെ.പി. എം.എൽ.സി. രവികുമാർ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.