ചെന്നൈ: ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു.
തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്.
പ്രതി ജബരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്.
ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി.
തൊഴിൽരഹിതൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു.
ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി.
അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടതായും പോലീസ് പറഞ്ഞു.
പിന്നീട് ഗിണ്ടി പോലീസ് കേസെടുത്ത് ബാലസുബ്രമണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ചയാണ് ജബരീഷ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് അന്നുമുതൽ ജോലി അന്വേഷിക്കുകയാണ്. എന്നാൽ ജോലി ഒന്നും ലഭിച്ചിരുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.