ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.

ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30 നാണ് മത്സരം. വൈകിട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്‌സിനെ നേരിടും.

സീസണിലെ രണ്ട് മത്സരങ്ങളും ജയത്തോടെ തുടങ്ങിയ ഗുജറാത്ത് തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. അതേസമയം ആദ്യ മത്സരം പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ബാഗ്ലൂരിനെതിരെ നേടിയ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത.

മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ തന്നെയാണ് ഗുജറാത്തിന്റെ പ്രതീക്ഷ. അതോടൊപ്പം മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, ജോഷ് ലിറ്റില്‍, റാഷിദ് ഖാന്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയുടെ പ്രകടനവും ഗുജറാത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നായി അഞ്ചു വിക്കറ്റുകളാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്.

അതേസമയം മധ്യ നിരയ്ക്ക് റണ്‍സ് കണ്ടത്താനാകാത്തതാണ് കൊല്‍ക്കത്തയുടെ പ്രധാന പ്രശ്‌നം. കഴിഞ്ഞ മത്സരത്തില്‍ ശാര്‍ദുല്‍ ഠാക്കൂറും റിങ്കു സിംഗും കാഴ്ച്ച വച്ച മികച്ച പ്രകടനം ഗുജറാത്തിനെതിരെയും കാഴ്ച്ച വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം വൈകിട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിംഗ്‌സിനെ നേരിടും.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. രണ്ട് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. മികച്ച ബാറ്റിഗ് നിര ഉണ്ടായിരുന്നിട്ടും ബാറ്റിംഗിലെ മോശം പ്രകടനമാണ് ഹൈദരാബാദിന് തലവേദനയാകുന്നത്.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരെ പുറത്തെടുത്ത മികച്ച ബാറ്റിംഗ്, ബൗളിംഗ് പ്രകടനം തുടരാന്‍ ഉറച്ചാണ് പഞ്ചാബ് ഹൈദരാബാദില്‍ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍ പ്രഭ്സിമ്രന്‍ സിങ്ങ്, ബി രജപക്സെ, അടക്കമുള്ളവരുടെ മികച്ച പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us