ബെംഗളൂരു: ബിജെപിയിൽ നിന്ന് വേർപിരിഞ്ഞ് കല്യാണ രാജ്യ പ്രഗതി പാർട്ടി (കെആർപിപി) സ്ഥാപിച്ച ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി. ജനാർദൻ റെഡ്ഡിക്കെതിരെ കൊപ്പൽ ജില്ലയിലെ കനകഗിരി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. കല്യാണ രാജ്യ പ്രഗതി പാർട്ടിയുടെ പ്രചാരണ പോസ്റ്ററുകൾ ആംബുലൻസിൽ പതിപ്പിച്ചതിനാണ് പാർട്ടി സ്ഥാപകൻ ജനാർദൻ റെഡ്ഡിയുൾപ്പെടെ 4 പേർക്കെതിരെ പോലീസ് കേസ് എടുത്തത്.
കെആർപിപി പോസ്റ്ററുകൾ പ്രദർശിപ്പിച്ചതിന് രണ്ട് ദിവസം മുമ്പ് പോലീസ് സൗജന്യമായി പൊതുജനസേവനത്തിനായി ഉദ്ദേശിച്ചിരുന്ന ആംബുലൻസ് പിടിച്ചെടുക്കുകയും തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ജനാർദൻ റെഡ്ഡിയെ കൂടാതെ കനകഗിരിയിലെ കെആർപിപി സ്ഥാനാർത്ഥി വെങ്കിട്ടരമണ ദാസരി, ആംബുലൻസ് ഉടമ ജി.നവീൻ കുമാർ, ബല്ലാരി സിറ്റിയിലെ പാർട്ടി സ്ഥാനാർത്ഥി ലക്ഷ്മി അരുണ, ആംബുലൻസ് ഡ്രൈവർ എന്നിർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ആംബുലൻസിലെ പോസ്റ്ററുകളിൽ ജനാർദൻ റെഡ്ഡിയുടെയും, ഭാര്യ അരുണ, ശ്രീ ദാസരി എന്നിവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ പാർട്ടിയോ സ്ഥാനാർത്ഥിയോ അതിനുള്ള അനുമതി വാങ്ങാത്തതിനാലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു.