പാളത്തിൽ മരം വീണു, ദുരന്തം ഒഴിവാക്കിയത് ചന്ദ്രാവതി 

ബെംഗളൂരു: പാളത്തിന് കുറുകെ വീണ മരത്തില്‍ ഇടിക്കും മുമ്പേ മംഗളൂരു സെന്‍ട്രല്‍-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിര്‍ത്തിച്ചത് കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയാണ്.

പഞ്ചനടിക്കും പടില്‍ ജോക്കട്ടെക്കും ഇടയില്‍ മന്ദാരയിലാണ് പാളത്തില്‍ മരം വീണത്. പാളങ്ങള്‍ക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവര്‍ക്ക് മനഃപാഠമാണ്.

ഉച്ചയൂണ്‍ കഴിഞ്ഞ് വരാന്തയില്‍ ഇരിക്കുകയായിരുന്നു ചന്ദ്രാവതി. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം കേട്ടു . മരം കടപുഴകി പാളത്തിന് കുറുകെ വീണതാണ്. മത്സ്യഗന്ധ കടന്നുപോവേണ്ട സമയമാണല്ലോ എന്നോര്‍ത്തപ്പോള്‍ ആധിയായി. അകത്ത് ചേച്ചി ഉച്ച മയക്കത്തിലാണ്. അകലെ നിന്ന് തീവണ്ടിയുടെ ചൂളം വിളി. ഈശ്വരാനുഗ്രഹം, മുറ്റത്ത് ഒരു ചുവപ്പു തുണി വീണുകിടക്കുന്നു. അതുമായി പാളത്തിലേക്ക് ഓടി തീവണ്ടി വരുന്ന ഭാഗത്തേക്ക് ഉയര്‍ത്തി വീശി. ഹൃദയ ശസ്ത്രക്രിയ ചെയ്ത ആളാണെന്ന കാര്യമൊക്കെ അപ്പോള്‍ മറന്നു. വീണ മരത്തില്‍ തൊട്ടു തൊട്ടില്ല അവസ്ഥയില്‍ ട്രെയിന്‍ നിന്നു’.ചന്ദ്രാവതി പറഞ്ഞു.

ചന്ദ്രാവതിയമ്മയുടെ അവസരോചിത ഇടപെടല്‍ മൂലം ഈ ഗ്രാമം സാക്ഷിയാവേണ്ടി വരുമായിരുന്ന വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാരന്‍ ആനന്ദ് കാറന്ത് പറഞ്ഞു. നാട്ടുകാരും അധികൃതരും ചേര്‍ന്ന് മരം മുറിച്ചുനീക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us