ബെംഗളൂരു:അതിവേഗപാതയില്‍ കാര്‍ യാത്രക്കാരായ രണ്ടുദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചതായി പരാതി.
മൈസൂരു സ്വദേശികളായ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ലോഹിത് റാവുവും ഭാര്യയും ടെക്നീഷ്യനായ നവീനും ഭാര്യയുമാണ് കവര്‍ച്ചയ്ക്കിരയായത്.
സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ രണ്ടരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഇവർ പോലീസില്‍ പരാതി നല്കി. പുലര്‍ച്ചെ രണ്ടുമണിയോടെ ചന്നപട്ടണയ്ക്ക് സമീപം ദേവരഹൊസഹള്ളിയിലാണ് സംഭവം.
ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു ദമ്പതിമാര്‍. ചന്നപട്ടണയ്ക്ക് സമീപമെത്തിയപ്പോള്‍ കാറിന്റെ ബ്രേക്ക് തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി. സഹായത്തിനായി ദേശീയപാതാ അതോറിറ്റി ഹെല്പ്പ്ലൈനില് വിളിച്ചെങ്കിലും കാര്‍ കൊണ്ടുപോകാനുള്ള സൗകര്യം ലഭിച്ചില്ല. ഈ സമയം സര്‍വീസ് റോഡില്‍നിന്ന് സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ കാറിന്റെ ചില്ലില്‍ തട്ടി. ഒരാള്‍ കാക്കിനിറത്തിലുള്ള പാന്റ്സ് ധരിച്ചതിനാല്‍ പോലീസായിരിക്കുമെന്നാണ് കരുതിയത്. ഇതിനിടെ ഒരാള്‍ കാറിനകത്തുപ്രവേശിച്ച് പിന്‍സീറ്റിലിരുന്ന സ്ത്രീകളെ കത്തിമുനയില്‍ നിര്‍ത്തി പണവും ആഭരണങ്ങളും കൊള്ളയടിക്കുകയായിരുന്നുവെന്ന് ലോഹിത് പറഞ്ഞു. തുടര്‍ന്ന്, പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.