കോറമംഗലയിലെ ഈജിപുര മേൽപ്പാലം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്

ബെംഗളൂരു: ഈജിപുര മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡിയ്‌ക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. കോറമംഗലയിലെ 100 അടി റോഡിലെ സോണി വേൾഡ് ജംഗ്ഷനിലായിരുന്നു പ്രതിഷേധം. മേൽപ്പാതയുടെ നിർമാണം പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് രാമലിംഗ റെഡ്ഡി എം.എൽ.എ. പറഞ്ഞു. അഞ്ചുവർഷത്തോളമായി നിർമാണംനിലച്ച മേൽപ്പാലം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

2017ൽ ഫ്‌ളൈഓവറിന്റെ കരാർ കമ്പനിയായ സിംപ്ലക്‌സ് ഇൻഫ്രാ ലിമിറ്റഡിന് നൽകിയെന്നും പദ്ധതി പൂർത്തിയാക്കാൻ 2019 ഡിസംബറിൽ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി ട്വീറ്റുകളുടെ പരമ്പരയിൽ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലിരിക്കെ 2018 വരെ ജോലികൾ നന്നായി പുരോഗമിച്ചുവെന്നും 32% വരെ പണി പൂർത്തിയായെന്നും അദ്ദേഹം കുറിച്ചു. 2019ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഫണ്ട് അപര്യാപ്തമായെന്നും അതിനുശേഷം 10% പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എം/എസ് സിംപ്ലക്സ് ഇൻഫ്രാ ലിമിറ്റഡ് ഈ പ്രശ്നം ഉയർത്തിക്കാട്ടി ബിബിഎംപിക്ക് (ബ്രുഹത് ബെംഗളൂരു മഹാനഗര പാലെ) നിരവധി കത്തുകൾ എഴുതിയിരുന്നു, എന്നാൽ ഫണ്ട് ഒരിക്കലും അനുവദിച്ചില്ല, ഇത് പ്രോജക്റ്റ് പൂർത്തീകരിക്കാൻ വൈകി. അടിയന്തര നടപടി ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, യുഡിഡി (നഗരവികസന വകുപ്പ്), ബിബിഎംപി എന്നിവർക്ക് ഞാൻ പലതവണ കത്തെഴുതിയിട്ടുണ്ട്. തുടർച്ചയായി ബിബിഎംപി കമ്മീഷണർമാരുമായി നിരവധി മീറ്റിംഗുകളും സംയുക്ത പരിശോധനകളും നടത്തിയിട്ടും കൃത്യമായ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലന്നും അദ്ദേഹത്തിന്റെ ട്വീറ്റ് പറഞ്ഞു.

പ്രതിഷേധത്തിൽ നിരവധി കോറമംഗല നിവാസികളും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും ചേർന്നു. അപൂർണ്ണമായ ഈജിപുര-അഗാര ലിങ്ക് റോഡും രാമലിംഗ റെഡ്ഡി എടുത്തുപറഞ്ഞു, അതേസമയം, മേൽപ്പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ റെസിഡൻഷ്യൽ അസോസിയേഷനുകളുടേയും കോൺഗ്രസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചു. നിർമാണവസ്തുക്കൾ റോഡരികിൽ കൂടിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികൾക്ക് സൃഷ്ടിക്കുന്നത്. പൊടിശല്യവും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്. മേൽപ്പാതയുടെ നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us