മുൻ കോൺഗ്രസ്‌ സർക്കാരിനെ കുറ്റപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: മുന്‍ കോൺഗ്രസ്‌ സർക്കാരിനെ രൂക്ഷ മായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണവും അഭൂതപൂര്‍വമായ മഴയുമാണ് ബെംഗളൂരുവിലെ പ്രളയത്തിന് കാരണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി.

മഴയില്‍ തകര്‍ന്ന നഗരത്തെ വീണ്ടെടുക്കുക എന്നത് തന്റെ സര്‍ക്കാര്‍ വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഗതാഗതം താറുമാറായി.

കര്‍ണാടകയില്‍ പ്രത്യേകിച്ച്‌ ബെംഗളൂരുവില്‍ അഭൂതപൂര്‍വമായ മഴയാണ് പെയ്തത്. കഴിഞ്ഞ 90 വര്‍ഷമായി ഇത്തരമൊരു മഴ ബെംഗളൂരുവില്‍ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ച്ചയായി എല്ലാ ദിവസവും മഴ പെയ്യുകയാണ് ബസവരാജ് ബൊമ്മൈ പറഞ്ഞു.

അതേസമയം നഗരം മുഴുവന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാനപരമായി പ്രശ്നം രണ്ട് സോണുകളിലായാണ് കിടക്കുന്നത്. പ്രത്യേകിച്ച്‌ മഹാദേവപുര സോണില്‍ 69 ടാങ്കുകള്‍ ഒന്നുകില്‍ തകര്‍ന്നു അല്ലെങ്കില്‍ കവിഞ്ഞൊഴുകുന്നു. ഇവിടെ എല്ലാ സ്ഥാപനങ്ങളും താഴ്ന്ന പ്രദേശങ്ങളിലാണ്. മൂന്നാമത്തെ കാരണം കയ്യേറ്റമാണ്. ധാരാളം കയ്യേറ്റങ്ങള്‍ ഇതിനകം നീക്കം ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ആസൂത്രണമില്ലാത്ത ഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. തടാകങ്ങളുടെ സമീപത്തും ബഫര്‍ സോണുകളിലും വരെ നിര്‍മാണത്തിന് അനുമതി നല്‍കി. തടാകങ്ങള്‍ പരിപാലിക്കുന്നതിനെക്കുറിച്ച്‌ അവര്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോള്‍ ഞാനത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു. മഴവെള്ള സംസ്കരണത്തിന് 1500 കോടി രൂപ അനുവദിച്ചു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഓവുചാലുകള്‍ക്കുമായി 300 കോടി രൂപ അനുവദിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us