മരച്ചീനിയിൽ നിന്നും വൈദ്യുതി, പരീക്ഷണം വിജയം കണ്ടു

തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ശ്രമങ്ങളുടെ പരീക്ഷണങ്ങള്‍ വിജയം കണ്ടു.

കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രമാണ് രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക പരീക്ഷണങ്ങള്‍ നടത്തിയത്.

സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊര്‍ജ്ജം പകരുമെന്ന് പരീക്ഷണത്തിനു പുറകിൽ പ്രവർത്തിച്ച സൈന്റിസ്റ്റുകൾ പറയുന്നു.

മരച്ചീനി വിളവെടുക്കുമ്പോള്‍ ഒടിച്ചു കളയുന്ന തണ്ടുകളിലും ഇലകളിലും നിന്നും ജൈവ കീടനാശിനിക്കു ഉതകുന്ന രാസവസ്തുക്കള്‍ വേര്‍തിരിക്കുന്ന ഗവേഷണമാണ് വൈദ്യുതി ഉല്‍പ്പാദനത്തിലേക്ക് എത്തിച്ചത്. സാധാരണയായി ഒരു ഹെക്ടറില്‍ മരച്ചീനി വിളവെടുക്കുമ്പോള്‍ ഏതാണ്ട് 5 ടണ്ണോളം ഇലകളും തണ്ടുകളും പാഴായി കളയാറുണ്ട്. ഇതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയാണ് ഈ പരീക്ഷണ വിജയത്തിലൂടെ കൈവന്നിരിക്കുന്നത്.

സാധാരണ ഗതിയില്‍ മരച്ചീനിയില്‍ നിന്ന് വാതകം ഉല്‍പ്പാദിപ്പിക്കുക അത്ര എളുപ്പമല്ല. ചെടികളില്‍ നിന്നുള്ള മീഥേന്‍ ഉത്പാദനം ചിലവേറിയതുമാണ്. ഇലകളില്‍ സെല്ലുലോസ്, ഹെമി സെല്ലുലോസ് ലിഗ്നിന്‍ എന്നിവ കൂടിയതുകൊണ്ട് അവയില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുക എളുപ്പമല്ല. എന്നാല്‍ ഇവിടെ ആ കടമ്പയും തരണം ചെയ്തിരിക്കുകയാണ്. മരച്ചീനി ഇലകളില്‍ നിന്നും ജൈവ കീടനാശിനി തന്മാത്രകള്‍ യന്ത്രങ്ങളുപയോഗിച്ച്‌ വേര്‍തിരിച്ചശേഷം ബാക്കിയുള്ളവയെ ബാക്ടീരിയയും അതുപോലുള്ള മറ്റ് ജീവനുള്ള വസ്തുക്കളും ഉപയോഗിച്ച്‌ മീഥേന്‍ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു.

അതിനുശേഷം അനാവശ്യവാതകങ്ങള്‍ മാറ്റിയശേഷം വാതക മിശ്രിതത്തില്‍ നിന്നും ശുദ്ധമായ മിഥേന്‍ വേര്‍തിരിച്ചെടുത്തു. ഈ മിഥേനില്‍ നിന്നാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. മരച്ചീനിയില്‍ വൈദ്യുതി ഉല്പാദിച്ചതു കൊണ്ട് ഇതിനെ ‘കസാ ദീപ് ‘ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us