ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.

ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us