വ്യവസായിയിൽ നിന്ന് ഒരുകോടി തട്ടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: തുണിവ്യവസായിക്ക് 100 കോടി രൂപ വായ്പ വാഗ്ദാനംചെയ്ത് ഒരുകോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ചംഗസംഘം പിടിയിൽ. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിവ്യവസായിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞമാസമാണ് പലഘട്ടങ്ങളിലായി ഒരു കോടിരൂപ വ്യവസായിയുടെ പക്കൽനിന്നും സംഘം തട്ടിയെടുത്തത്.

മുംബൈ സ്വദേശി സന്തോഷ് തിവാരി (45), മധ്യപ്രദേശ് സ്വദേശി സഞ്ജയ് ഭൂഷൻ ശുക്ല (47), ബെംഗളൂരു ബി.ടി.എം. ലേ ഔട്ട് സ്വദേശി മുഹമ്മദ് ഇംദാദ് (48), ബെന്നാർഘട്ട സ്വദേശികളായ ഇല്യാസ് പാഷ (42), മുഹമ്മദ് വാസിം (29) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ സന്തോഷ് തിവാരിയും സഞ്ജയ് ഭൂഷൺ ശുക്ലയുമാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരെന്ന് പോലീസ് പറഞ്ഞു.

മൈസൂരുവിലെ വ്യവസായി തുണി കയറ്റുമതി ചെയ്യുന്നതിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ തേടിയിരുന്നു. ഇതറിഞ്ഞ ഇദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് തിവാരിയെയും ശുക്ലയെയും പരിചയപ്പെടുത്തിയത്.

മുംബൈയിൽ ഫിനാൻസ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്നുവെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്.100 കോടി രൂപ വായ്പ സംഘടിപ്പിച്ചുതരാമെന്നും മുൻകൂറായി ഒരുശതമാനം കമ്മിഷൻ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വ്യവസായി ബെംഗളൂരുവിലെത്തി തിവാരിയും ശുക്ലയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകൾ കൈമാറുകയും ചെയ്തു.

ഈ സമയത്ത് മുഹമ്മദ് ഇംദാദും ഇല്യാസ് പാഷയും മുഹമ്മദ് വാസിമും ഇവർക്കൊപ്പമുണ്ടായിരുന്നു. സംഘം ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും ഒരുകോടിരൂപ വ്യവസായി ഇവർക്ക് നൽകി. ഒരാഴ്ചയ്ക്കകം വായ്പാതുക അക്കൗണ്ടിലെത്തുമെന്നാണ് ഇവർ അറിയിച്ചിരുന്നത്. എന്നാൽ പണമെത്തിയില്ല.

തുടർന്ന് വ്യവസായി ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാം നിഷ്ഫലമായിരുന്നു. പ്രതികളുടടെ ഫോണുകൾ സ്വിച്ച്‌ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് വ്യവസായി പോലീസിൽ പരാതിനൽകിയത്. തുടർന്ന് ബെംഗളൂരു പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us