പുനീത് രാജ് കുമാറിന് ആദരാഞ്ജലികൾ. രാജ് കുമാർ – പുനീത് രാജ് കുമാർ സിനിമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

ബെംഗളൂരു നിവാസിയും സിനിമ നിരൂപകനുമായ സഞ്ജീവ് മേനോൻ എഴുതുന്നു.

ബെംഗളൂരു: 1995 ൽ “ഓം” എന്ന കന്നഡ ചിത്രം മാറത്തഹള്ളി തുളസി തീയറ്ററിൽ കണ്ടിറങ്ങുമ്പോൾ, മനസിനെ ആ ഫീൽ വിട്ടു പോകാൻ കുറച്ച് സമയമെടുത്തു. അഭിനയം താരതമ്യപ്പെടുത്തിയാൽ മലയാള സിനിമാ അഭിനയവുമായി വളരെ അന്തരമുണ്ട് കന്നഡ സിനിമാ അഭിനയത്തിന് .എന്നാൽ ഉപേന്ദ്രയുടെ ഈ ചിത്രത്തിലെ ശിവരാജ് കുമാറിൻ്റെ അഭിനയവും വ്യത്യസ്തതയുള്ള ചിത്രീകരണവും രാജ്കുമാറിൻ്റെ ആലാപനവും ഹംസലേഖയുടെ സംഗീതവും ഒക്കെ ഇഷ്ടമായി. ഒരു മലയാള സിനിമാപ്രേമി എന്ന നിലയിൽ പറഞ്ഞാൽ, കുറച്ച് മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിൽ വളരെയേറെ നന്നാക്കാമായിരുന്ന ചിത്രം എന്നു തോന്നിട്ടുണ്ട്.

അതിനൊക്കെ മുൻപേ തന്നെ രാജ് കുമാർ എന്ന കന്നഡ സിനിമാ ലോകത്തെ നായൻ്റെ സിനിമകൾ ദൂരദർശനിലൂടെ കണ്ടിരുന്നു. വീരപ്പൻ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതിൽപ്പിന്നെയാണ് ‘രാജ് കുമാർ’ എന്ന പേര് മലയാളികളിൽ വലിയൊരു വിഭാഗത്തിന് മനസിലായത് എന്നത് വേറെ കാര്യം. ഒരു നടൻ എന്നതിലുപരി ഗായകൻ എന്ന നിലയിലും ദാദാസാഹെബ് ഫാൽക്കെ അവാർഡ് ജേതാവായ രാജ് കുമാർ തൻ്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. “ഓം” എന്ന ശിവരാജ് കുമാർ ചിത്രത്തിലെ അദ്ദേഹത്തിൻ്റെ പാട്ടുകൾ ഇന്നും എൻ്റെ ഇഷ്ടഗാനങ്ങളിലുണ്ട്. “ഓഗുലാബിയേ…. ” എന്ന പാട്ട് കേൾക്കുമ്പോൾ 1990 കളിലേക്ക് ഒരു മടങ്ങിപ്പോക്കാണ്.

ഇപ്പോൾ ഈ വാർത്ത കേട്ടപ്പോൾ ഒരു സിനിമാപ്രേമി എന്ന നിലയിൽ ഞാൻ ഞെട്ടിയതിൻ്റെ കാരണങ്ങൾ രണ്ടാണ്. വെറും 46 വയസ് മാത്രമാണ് അദ്ദേഹത്തിൻ്റെ പ്രായം എന്നതാണ് ഒന്ന്. അതിനേക്കാളേറെ എന്നെ നിരാശനാക്കിയത് ശിവരാജ് കുമാറിനേക്കാൾ നല്ല അഭിനേതാവാണ് പുനീത് എന്നും, അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടു നോക്ക് എന്നും പറഞ്ഞു തന്ന ചില സുഹൃത്തുക്കളുടെ വാക്കുകൾ മുഖവിലക്കെടുത്തില്ല എന്നതും ഞാൻ ഇടക്കിടെ യു ട്യൂബിൽ കാണാറുള്ള “ബോർഡു ഇരദ ബസ്സന്നു ഹത്തി ബന്ത ഛോക്കരി… ഇല്ലി കമലഹാസനു സിക്കലില്ല യാക്കെ റീ”…. ‘ഹുഡുഗരു’ എന്ന ചിത്രത്തിലെ ഗാനരംഗം ഇനി കാണുമ്പോൾ പുനീത് രാജ് കുമാർ എന്ന ആ നടൻ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലല്ലോ എന്നതും സങ്കടകരം തന്നെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us