മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം

തിരുവനന്തപുരം : സംസ്ഥനത്ത് തോരാതെ പെയ്യുന്ന മഴയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മലയാളികൾ .തുടർച്ചയായ നാലാം വർഷമാണ് കേരളത്തിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും ഉണ്ടാകുന്നത്. നാലു വർഷത്തിനിടെ ദുരന്തങ്ങളിൽ മരിച്ചത് അഞ്ഞൂറിലേറെപെരും.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെ വൈകീട്ട് ആറ് മണിവരെയുണ്ടായ അതിതീവ്രമഴയിൽ സംസ്ഥാനത്ത് മൊത്തം 35 പേര് മരിച്ചു . ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 96 പേർ മരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

കക്കി-ആനത്തോട്,ഷോളയാര്‍ ഡാമുകൾ തുറന്നു

കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്‍ത്തും. ഉച്ചയോടെ പമ്പയിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്.തൃശൂര്‍ ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്കന്‍ഡില്‍ 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 2662.8 അടിയാണ് ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് പരമാവധി സംഭരണശേഷി. ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇത് 1957-ന്റെ ആവർത്തനം ;64 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

മണിമലയാറ്റിലും അതിന്റെ വൃഷ്ടിപ്രദേശങ്ങളിലും തീരങ്ങളിലും ഉണ്ടായത് 64 വർഷത്തിനിടെയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. 2018-ലെ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞെങ്കിലും തീരത്ത് ഇത്രയേറെ വെള്ളം പൊങ്ങിയിരുന്നില്ല. 1957-ലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമാണ്
ഇപ്പോഴുണ്ടായത്.

16-ന് രാവിലെ എട്ടുമുതൽ 17-ന് രാവിലെ എട്ടുവരെയുള്ള കണക്കുപ്രകാരം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ 266 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. തൊട്ടുമേലേയുള്ള പീരുമേട് സ്റ്റേഷൻ പരിധിയിൽ 292 മില്ലീമീറ്ററും. 24 മണിക്കൂറിനിടെ ഇത്രയേറെ മഴ ഒരുപ്രദേശം കേന്ദ്രീകരിച്ചുണ്ടാകുന്നത് കൂമ്പാരമേഘത്തിന്റെ സാന്നിധ്യം മൂലമാകാം. 17 കിലോമീറ്റർവരെ ഉയരത്തിൽ ഒന്നിനുമീതെ മറ്റൊന്നായി അട്ടിയട്ടിയായി മേഘങ്ങൾ ഉരുണ്ടുകൂടുകയും അത് ചെറിയ സമയപരിധിയിൽ പെയ്തുതീരുകയും ചെയ്യുന്ന സ്ഥിതിയാണിത്.

പുല്ലകയാർ കൂലംകുത്തി മണിമലയാറ്റിലെത്തി

കൊക്കയാർ-കൂട്ടിക്കൽ പഞ്ചായത്തുകളുടെ അതിരിലൂടെയാണ് പുല്ലകയാർ ഒഴുകുന്നത്. മണിമലയാറിന്റെ പ്രധാന കൈവഴിയാണിത്. രണ്ട്
പഞ്ചായത്തുകളിലുമുണ്ടായ ഉരുൾപൊട്ടലിലെ വെള്ളവും മണ്ണും പുല്ലകയാറ്റിലൂടെ മണിമലയാറ്റിലെത്തിയതോടെ ഒഴുക്ക് വിസ്ഫോടന സ്വഭാവത്തിലേക്ക് മാറി. ശനിയാഴ്ച ഉച്ചയായപ്പോൾ തന്നെ തീരങ്ങളിലേക്ക് അതിശക്തമായിട്ടാണ് വെള്ളം ഇരച്ച് കയറിയത്.

കാഞ്ഞിരപ്പള്ളി മുങ്ങുന്നത് ഇതാദ്യം

കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങുന്നത് ഇതാദ്യമാണ്. മണിമലയിൽ മൂങ്ങാനി ജങ്ഷനിൽ രണ്ടുനില വീടുകൾവരെ മുങ്ങിപ്പോയത് ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.2018-നെക്കാൾ 15 അടി ഉയർന്നു2018-നെ അപേക്ഷിച്ച് കോട്ടാങ്ങൽ ദേശത്ത് 15 അടിയോളം കൂടുതൽ ഇത്തവണ വെള്ളമുയർന്നു. പ്രളയം അടയാളപ്പെടുത്തിയ ഇടങ്ങളിൽനിന്നുള്ള കണക്കാണിത്. മണിമലയാറിന് കുറുകെ ചെറുവള്ളിയിലെ ചെറിയ പാലവും വെള്ളാവൂർ ആശ്രമംപടിയിലെ തൂക്കുപാലവും ഒലിച്ചുപോയി.

അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷം

അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായി. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി താല്ക്കാലികമായി നിര്ത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആർ.സി സർവീസ്.

പമ്പയാര് കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. കക്കി ഡാം കൂടി തുറന്നാല്‍ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൃത്യമായ അവലോകനം നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്നും ആശങ്കവേണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

കൂട്ടിക്കളിലെ ഉരുൾപൊട്ടൽ ;നഷ്ട്ടമായത് 10 ജീവൻ

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം പത്താണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

കൂട്ടിക്കൽ ഗ്രാമത്തെ കീറിമുറിച്ച ഉരുൾപൊട്ടലുകളിൽ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 10 ജീവനുകളാണ്. കാവാലിയിൽ ഉരുൾപൊട്ടി കാണാതായ വണ്ടാളാക്കുന്നേൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മാർട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങൾക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, മുണ്ടകശേരിൽ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവർക്കാണ് പ്ലാപ്പള്ളിയിൽ ജീവൻ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാർ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തി. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. ഇടുക്കിയിൽ ഫൗസിയയുടേയും മകൻ അമീൻ സിയാദിന്റെയും മൃതദേഹമാണ് ഒടുവിലായി ലഭിച്ചത്. ഇനി ലഭിക്കാനുള്ളത് സച്ചു ഷാഹുലിന്റെ മൃതദേഹമാണ്.

കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തൽ ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാൻ ഉണ്ടായിരുന്നത്. രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us