രാജ്യത്തിൻ്റെ സിലിക്കൺവാലിയെ ഈ മെക്കാനിക്കൽ എഞ്ചിനീയർ നയിക്കും;നാളെ 11 മണിക്ക് സത്യപ്രതിജ്ഞ.

ബെംഗളൂരു : രാജ്യത്തിൻ്റെ സോഫ്റ്റ് വെയർ ഹബ് ആയ ബെംഗളൂരു അടങ്ങുന്ന സംസ്ഥാനം ഇനി നയിക്കാൻ പോകുന്നത് മെക്കാനിക്കൽ എഞ്ചീനിയർ കൂടിയായ ബസവരാജ് ബൊമ്മൈ.

ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ ബൊമ്മൈയുടെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ദേവഗൗഡ – കുമാരസ്വാമിക്ക് ശേഷം പിതാവും മകനും സംസ്ഥാന മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ ആൾ ആയി മാറി നിലവിലെ ആഭ്യന്തര മന്ത്രി കൂടിയായ ബസവരാജ് ബൊമ്മൈ.

ബസവരാജ് ബൊമ്മൈയുടെ പിതാവ് എസ്.ആർ.ബൊമ്മൈ മുൻപ് കർണാടക മുഖ്യമന്ത്രിയായിരുന്നു.

സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി യെദിയൂരപ്പയുടെ താൽപര്യമുള്ള പട്ടികയിൽ ആദ്യത്തെ ആൾ മുരുകേഷ് നിറാനിയായിരുന്നു എന്നാണ് വാർത്തകൾ, രണ്ടാമത്തെ പട്ടികയിലെ രണ്ടാമത്തെ പേര് ആയിരുന്നു ബൊമ്മൈയുടേത്.

പിതാവിൻ്റെ വഴിയെ ജനാതാ കുടുംബത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ബൊമ്മൈ 2008 ൽ ആണ് ബി.ജെ.പി.യിൽ എത്തുന്നത്.

1960 ജനുവരി 28ന് ഹുബ്ബളളിയിൽ ജനിച്ച ബൊമ്മൈ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹുബ്ബള്ളിയിലെ ഭൂമ റെഡ്ഡി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തു. രണ്ടു വർഷത്തോളം ടാറ്റ കമ്പനിയിൽ ജോലി ചെയ്തതിന് ശേഷം ജനതാ പാർട്ടിയുടെ യുവ വിഭാഗത്തിലൂടെ രാഷ്ട്രീയ പ്രവേശം നടത്തുകയായിരുന്നു.

1993 ൽ ഹുബ്ബളളിയിൽ യുവ ജനതാദൾ റാലിക്ക് നേതൃത്വം നൽകി ശ്രദ്ധിക്കപ്പെട്ട ബൊമ്മൈ,1995 ൽ ജനതാദൾ ജനറൽ സെക്രട്ടറിയായി നിയമിതനായി.

.1996-1997 ൽ അന്നത്തെ മുഖ്യമന്ത്രി ജെ എച്ച് പട്ടേലിന്റെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നു. 1997 നും 2003 നും ഇടയിൽ ഹുബ്ലി-ധാർവാഡ്-ഗഡാഗിൽ (ലോക്കൽ അതോറിറ്റി നിയോജകമണ്ഡലം) നിന്ന് എം‌എൽ‌സി ആയി രണ്ടുതവണ വിജയിച്ചു.

അതിനുശേഷം മൂന്ന് തവണ ഹവേരിയിലെ ഷിഗാവോണിൽ നിന്ന് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു.

2008 നും 2013 നും ഇടയിൽ ബി എസ് യെഡിയൂരപ്പ,ഡി വി സദാനന്ദ ഗൗഡ,  ജഗദീഷ് ഷെട്ടാർ ഭരണകാലത്ത് അഞ്ച് വർഷം ജലവിഭവ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

മൂന്ന് തവണ എം‌എൽ‌എ ആയി, കഴിഞ്ഞ യെഡിയൂരപ്പ സർക്കാരിൽ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചു.

വടക്കൻ കർണാടകയിൽ നിന്നുള്ള എട്ടാമത്തെ മുഖ്യമന്ത്രിയാകും ബൊമ്മൈ. ബി ഡി ജട്ടി, എസ് ആർ കാന്തി, എസ് നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽ, എസ് ആർ ബോമ്മൈ, ധരം സിംഗ്, ജഗദീഷ് ഷെട്ടാർ എന്നിവരും ഉൾപ്പെടുന്നു.

ബൊമ്മൈക്കും ഭാര്യ ചെന്നമ്മയ്ക്കും രണ്ട് മക്കളുണ്ട് – ഭാരത്, അദിതി.

വായന, എഴുത്ത്, ക്രിക്കറ്റ്, ഗോൾഫ് എന്നിവ പുതിയ മുഖ്യമന്ത്രിയുടെ ഹോബികളിൽ ഉൾപ്പെടുന്നു. ഒരുകാലത്ത് ധാർവാഡിലെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ചെയർപേഴ്‌സണായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us