മലയാളി യാത്രികരിൽനിന്ന് പോലീസ് അനധികൃതമായി പണം പിരിച്ചെന്ന് പരാതി

ബെംഗളൂരു: നഗരത്തിലേക്ക് മൈസൂരു വഴി കേരളത്തിലേക്ക് പോയ മലയാളി യാത്രികരിൽനിന്ന് പോലീസ് അനധികൃതമായി പണം പിരിച്ചെന്ന് പരാതി. മൈസൂരുവിലെ എൻ.ആർ. പോലീസ് ഇൻസ്പെക്ടറും സംഘവുമാണ് പണപ്പിരിവിന് പിന്നിലെന്നാണ് പരാതിക്കാർ വെളിപ്പെടുത്തിയത്.

മൈസൂരുവിൽ ലോക്ഡൗണാണെന്നും അതിനാൽ നഗരത്തിലേക്ക് കടന്നതിന് പിഴയായാണ് പണം ഈടാക്കുന്നതെന്നുമാണ് പോലീസിന്റെ ഭാഷ്യം. കഴിഞ്ഞ ഏതാനും ദിവസമായി ഒട്ടേറെ മലയാളികളിൽനിന്ന് ഇത്തരത്തിൽ പണം ഈടാക്കിയിരുന്നു.

കേരളത്തിൽനിന്ന് മൈസൂരു വഴി നഗരത്തിലേക്ക് വന്ന മലയാളികൾക്കും ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. റിങ് റോഡ് വഴി മൈസൂരു നഗരത്തിൽ കയറാതെ പോകാമെന്നിരിക്കേ എന്തിനാണ് ലോക്ഡൗണുള്ള നഗരത്തിലേക്ക് പ്രവേശിച്ചതെന്നാണ് പോലീസിന്റെ ചോദ്യം.

അന്തർസ്സംസ്ഥാന യാത്രക്കാർക്ക് നഗരത്തിലൂടെ കടന്നുപോകുന്നതിന് നിയമതടസ്സമില്ലെന്നതാണ് വസ്തുത. മൈസൂരു നഗരത്തിലൂടെ അന്തർസ്സംസ്ഥാന യാത്ര നിരോധിച്ചിട്ടില്ല. പൊതുഗതാഗതത്തിനും തടസ്സമില്ല. ഇതെല്ലാം മറച്ചുവെച്ചാണ് മലയാളി യാത്രക്കാരോടുള്ള അതിക്രമം തുടർന്നത്.

ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള കേരള വാഹനങ്ങൾ പോലീസ് ഇത്തരത്തിൽ പിടികൂടിയിരുന്നു. പണം ഈടാക്കിയാണ് യാത്രക്കാരെ വിട്ടയച്ചത്. കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ കണ്ടാൽ തടഞ്ഞുനിർത്തി 2,000 മുതൽ 6,000 രൂപ വരെയാണ് എൻ.ആർ. പോലീസ് ആവശ്യപ്പെട്ടിരുന്നത്. പണം നൽകാൻ തയ്യാറല്ലെങ്കിൽ വാഹനം വിട്ടുതരില്ലെന്നാണ് ഭീഷണി.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്ത് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് യാത്രയെന്ന് അറിയിച്ചാലും അതൊന്നും പരിഗണിക്കാൻ പോലീസ് കൂട്ടാക്കാറില്ല. ലോക്ഡൗണുള്ള നഗരത്തിലേക്ക് കടന്നെന്നും അതിനാൽ പിഴ ഒടുക്കണമെന്നുമാണ് പറയുക. പിഴയെന്ന പേരിൽ ഈടാക്കുന്ന പണത്തിനു രസീതും നൽകാറില്ല. യാത്ര മുടങ്ങാതിരിക്കാൻ പണം നൽകിയാണ് യാത്രക്കാർ പോലീസിന്റെ പിടിയിൽനിന്ന് ഒഴിവാകുന്നത്.

വ്യാപകമായി പരാതികൾ ഉയർന്നതോടെ നഗരത്തിലെ കെ.എം.സി.സി. ഭാരവാഹികൾ മൈസൂരു ഡി.സി.പി. ഗീതാ പ്രസന്നയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് ഡി.സി.പി. അറിയിച്ചിട്ടുണ്ടെന്ന് കെ.എം.സി.സി. ഭാരവാഹികൾ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us