ബെംഗളൂരു: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളും മരണവും ബെംഗൂളരുവിലാണ്. കൂടുതൽ കോവിഡ് പരിശോധന നടക്കുന്നതും ഇവിടെയാണ്.
നഗരത്തിൽ ഇന്നലെ 1490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 4,24,349 ആയി. 632 പേർ രോഗമുക്തരായി. 13,327 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ മരിച്ചതോടെ ആകെ മരണം 4572 ആയി ഉയർന്നു.
നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഇവിടങ്ങളിലാണ്:
- ബെലണ്ടൂർ
- എച്.എസ്.ആർ ലേഔട്ട്
- ശാന്തള നഗർ
- അരക്കരെ
- ഹാഗദുർ
- കോറമംഗല
- ബാനസവാഡി
- രാജരാജേശ്വരി നഗർ
- ഹൊറമാവ്
- ദൊഡ്ഡനെകുണ്ടി
നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ബിബിഎംപി പരിധിയില്‍ കോവിഡ് ബാധിതരുടെ കൈകളില്‍ മുദ്ര കുത്തുമെന്നും മന്ത്രി സുധാകര്‍ പറഞ്ഞു. ബിബിഎംപിയുടെ 8 സോണല്‍ കമ്മിഷണര്‍മാരുമായി യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം.
ബസ് സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍, കണ്വന്ഷന് ഹാളുകള്‍, സ്കൂളുകള്‍, കോളജുകളിലെല്ലാം സുരക്ഷാ മാനദണ്ഡം പാലിക്കുന്നുവെന്നുറപ്പു വരുത്താന്‍ ബിബിഎംപി മാര്‍ഷലുമാരെ വിന്യസിച്ചിട്ടുണ്ട്.
തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ 500 പേര്‍ക്കും ഹാളുകളില്‍ 200 പേര്‍ക്കുമാണ് നിലവില്‍ അനുമതിയുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇവിടങ്ങളില്‍ എത്തുന്നവര്‍ മാസ്കും സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സ്ഥാപന ഉടമകളും പരിപാടികളുടെ സംഘാടകരുമാണ്.
ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ മാസ്കും സാമൂഹിക അകലവും പാലിക്കാത്തവരില്‍ നിന്നു 250 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 100 രൂപയും പിഴ ഈടാക്കുമെന്നും ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.
മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, കണ്വന്ഷന് ഹാളുകള്‍ തുടങ്ങിയവയ്ക്ക് 5000 മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
പുതിയ പിഴ നിരക്ക് ഇങ്ങനെ:
എസിയില്ലാത്ത ഹാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവയ്ക്ക്- 5000 രൂപ.
500 പേരില്‍ കൂടുതലാളുകളെ ഉള്‍ക്കൊള്ളിക്കാനാകുന്ന എസി ഹാളുകള്‍, ബ്രാന്‍ഡഡ് ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍-10000 രൂപ.
ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഇതിനു മുകളിലുള്ളവയ്ക്കും, – 10000 രൂപ.
അതോടൊപ്പം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്ക്രീനിങ്ങും കര്‍ശനമായി നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണിത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ യാത്രക്കാരുടെ പരിശോധനയാണ് കര്‍ശനമാക്കിയിരിക്കുന്നത്.
ഏപ്രില്‍ 1 മുതല്‍ ബെംഗളൂരുവിലേക്കു വരുന്ന മറ്റു സംസ്ഥാനങ്ങളിലെ യാത്രികര്‍ക്കും ഇതു ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു.
കര്‍ണാടക-കേരള അതിര്‍ത്തിയിലെ മൂലെഹോളെ, കുട്ട, ബാവലി, മാക്കൂട്ടം, തലപ്പാടി, തമിഴ്നാട് അതിര്‍ത്തിയിലെ അത്തിബെല്ലെ ചെക്പോസ്റ്റുകളിലാണ് സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരില്‍ ഉള്‍പ്പെടെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.