ബെംഗളൂരു: ഐ മോണിറ്ററി അഡ്വൈസറി ( ഐ എം എ ) എന്ന നിക്ഷേപ കമ്പനി, നിക്ഷേപകർക്ക് നൽകാമെന്നേറ്റിരുന്ന പ്രതിഫലം നൽകാതെ വന്നതിനെത്തുടർന്ന് 2019 കാലഘട്ടത്തിൽ ആയിരക്കണക്കിന് കോടികളുടെ ബാധ്യതയുടെ നിയമ നടപടികൾ നേരിട്ടു വരികയാണ്. കമ്പനിയുടെ പ്രവർത്തനം 2019ഇൽ തന്നെ നിന്നു പോയിരുന്നു.
നിക്ഷേപ തട്ടിപ്പ് നടത്തിയതിന് കമ്പനിക്കെതിരെ നിയമ നടപടികൾ നടന്നു വരവേ, റവന്യൂ ഡിപ്പാർട്ട്മെന്റിലുള്ള ഉന്നതരെ സ്വാധീനിക്കാം എന്ന ധാരണപ്രകാരം ബി ഡി എ എക്സിക്യൂട്ടീവ് എൻജിനീയർ ആയിരുന്ന പി ഡി കുമാർ അഞ്ചു കോടി രൂപ കമ്പനി പ്രമോട്ടർ മാരിൽ നിന്നും കൈക്കൂലി കൈപ്പറ്റിയതായി ആണ് കണ്ടെത്തിയിരിക്കുന്നത്. ഇവർ തമ്മിൽ നിരന്തരം നടത്തിവന്നിരുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും തെളിവായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
കുമാർ കമ്പനി ഡയറക്ടർമാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നപ്പോൾ കൈക്കൂലി നൽകിയ പണം തിരിച്ചു കിട്ടണം എന്ന് സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം രൂപ പണമായും രണ്ടു കോടിയുടെയും രണ്ടര കോടിയുടെയും 2 ചെക്കുകൾ പണം തിരിച്ചു നൽകുന്നതിനുള്ള ഉറപ്പായും നല്കിയതായി കണ്ടെത്തി.
പ്രധാനമായും മുസ്ലിം വിഭാഗത്തിൽ പെടുന്നവരെ ഉന്നം വച്ച് കൊണ്ട് നടത്തിയ തട്ടിപ്പിൽ കമ്പനി സിഇഒ മുഹമ്മദ് മൻസൂർ ഖാൻ, ഡയറക്ടർമാരായ നിസാമുദ്ദീൻ അഹമ്മദ്, വസീൻ , നവീദ് അഹമ്മദ്, നസീർ ഹുസൈൻ എന്നിവർക്ക് എതിരെയുള്ള
വിശദമായ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ആണ് പുതിയ കൈക്കൂലി സംബന്ധമായ തെളിവുകൾ വെളിച്ചത്തായത്.