സംസ്ഥാനത്ത് ഈ മാസം കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജനങ്ങളിൽ ജാഗ്രത കുറഞ്ഞതും കോവിഡ് നിയന്ത്രണ നിർദേശങ്ങൾ നിരന്തരം ലംഘിക്കുന്നതുമാണ് ഇതിന്റെ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളെ അപേക്ഷിച്ച് മാർച്ചിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്.

സ്‌കൂളുകളും കോളേജുകളും പാർപ്പിട സമുച്ചയങ്ങളുമുൾപ്പെടെ കോവിഡ് ക്ലസ്റ്ററായി മാറി. ബെലന്ദൂർ, ഹാഗദൂർ, ശാന്തലനഗർ, ഗാന്ധി നഗർ തുടങ്ങിയ വാർഡുകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡ് തീവ്രവ്യാപന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പരിശോധനയില്ലാത്ത സമയങ്ങളിൽ ഒട്ടേറെ പേർ അതിർത്തികൾ കടക്കുന്നതായും അധികൃതർ പറയുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചു, ഇതിൽ രണ്ട് പേർ ബെംഗളൂരുവിൽ നിന്നാണ്. നഗരത്തിൽ 529 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നഗരത്തിൽ ഒരു കോവിഡ് ക്ലസ്റ്റർകൂടി രൂപപ്പെട്ടു. സൗത്ത് ബെംഗളൂരു സോണിലെ വിദ്യാപീഠയിലെ സർക്കാർ മെഡിക്കൽ ആൻഡ് എൻജിനിയറിങ്‌ കോളേജ് ഹോസ്റ്റലാണ് പുതിയ കോവിഡ് ക്ലസ്റ്ററായത്.

ഏഴു വിദ്യാർഥികൾക്കാണ് കഴിഞ്ഞദിവസംനടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാർഥിക്ക് രോഗലക്ഷണം കണ്ടെത്തിയതിനെത്തുടർന്നു നടന്ന പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

ഇതോടെ ഹോസ്റ്റലിലെ 158 വിദ്യാർഥികൾക്കും പരിശോധനനടത്തി. ഇതിൽ ആറുവിദ്യാർഥികൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതും നഗരത്തിന് ഭീഷണിയാകുന്നുണ്ട്. ഒട്ടേറെപ്പേരാണ് മുംബൈയിൽനിന്നും മഹാരാഷ്ട്രയിലെ മറ്റുപ്രദേശങ്ങളിൽനിന്നും നഗരത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണം കർശനമാക്കാനാണ് ബി.ബി.എം.പി. ലക്ഷ്യമിടുന്നത്. ഇതിനായി കൂടുതൽ മാർഷൽമാരെ നിയോഗിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us