കോൺഗ്രസ് നേതാവിന്റെ പേരിലുള്ള പരാതി പിൻവലിച്ചു

ബെംഗളൂരു: എ.ഐ.സി.സി. അംഗം കവിതാറെഡ്ഡി സദാചാര ആക്രമണം നടത്തിയെന്ന പരാതിയുമായി മുന്നോട്ട് പോകുന്നില്ല എന്ന് കന്നഡ നടി സംയുക്ത ഹെഗ്ഡെ.

അവരുടെ പ്രായവും കുടുംബത്തിന്റെ അഭിപ്രായവും മാനിച്ചാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംയുക്ത ഹെഗ്ഡെ പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റ്‌ രേഖപ്പെടുത്തിയ കവിതാ റെഡ്ഡിയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചിരുന്നു.

അതേസമയം, കേസിൽ ഉൾപ്പെട്ട മറ്റുവ്യക്തികൾക്കുനേരെ നിയമനടപടികളുമായി മുന്നോട്ടുപോവും.

നടിയും സുഹൃത്തുക്കളും അഗര തടാകത്തിനോടുചേർന്ന പാർക്കിൽ  വ്യായാമം ചെയ്യുന്നതിനിടെ വസ്ത്രത്തിന്റെപേരിൽ കവിതാറെഡ്ഡിയുടെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യവർഷം നടത്തിയതായാണ് പരാതി.

പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചുവെന്നും മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ആരോപിച്ചായിരുന്നു അസഭ്യവർഷം. നടി സംഭവത്തിന്റെ തത്സമയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഇതിൽ കവിതാറെഡ്ഡിയെയും കാണാം. അതേസമയം, സദാചാര ആക്രമണം നടത്തിയില്ലെന്നും പാർക്കിൽ ഉറക്കെ പാട്ടുവെച്ചത് ചോദ്യംചെയ്യുകമാത്രമാണുണ്ടായതെന്നും കവിതാറെഡ്ഡി പറഞ്ഞു.

തന്റെ വാക്കുകൾ നടിയെ വേദനിപ്പിച്ചുവെങ്കിൽ മാപ്പുപറയുന്നതായും അവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു. എന്നാൽ, കവിതാ റെഡ്ഡിയുടെ മാപ്പപേക്ഷ ആത്മാർഥമാണെന്നു കരുതുന്നില്ലെന്ന് സംയുക്ത ഹെഗ്ഡെ പ്രതികരിച്ചു.

പാർക്കിൽ അപമര്യാദയായി പെരുമാറിയ മറ്റുള്ളവർക്കെതിരേ വിട്ടുവീഴ്ചയ്ക്കില്ലെന്നും സംയുക്ത ഹെഗ്ഡെ പറഞ്ഞു. അനിൽ റെഡ്ഡിയെന്ന വ്യക്തിക്കും കണ്ടാലറിയാവുന്ന മറ്റുചിലരുടെയും പേരിലുള്ള കേസ് തുടരും.

അനിൽ റെഡ്ഡിയാണ് മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ചതും മാധ്യമങ്ങളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും.

ഒരു സ്ത്രീക്കുനേരെ ഇത്തരം അതിക്രമങ്ങൾ ഇനിയുണ്ടാകരുതെന്നും ഇവർക്കെതിരായ നടപടി ഒരു പാഠമാകണമെന്നും സംയുക്ത ഹെഗ്ഡെ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us