കോവിഡ്: കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും; ഡോക്ടറുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സമരത്തിനൊരുങ്ങി ഡോക്ടേഴ്സ് അസോസിയേഷൻ

ബെംഗളൂരു: അനാവശ്യസമ്മർദം മൂലമാണ് കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചുവന്ന താലൂക്ക് ഹെൽത്ത് ഓഫീസറായ ഡോക്ടർ ജീവനൊടുക്കിയത് എന്ന് ആരോപിച്ച് സംസ്ഥാനത്തെ ഡോക്ടർമാർ കടുത്ത പ്രതിഷേധവുമായി രംഗത്ത്.

നഞ്ചൻകോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. എസ്.ആർ. നഗേന്ദ്രയെയാണ് അദ്ദേഹത്തിന്റെ ആലനഹള്ളിയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ആന്റിജൻ ടെസ്റ്റുകൾ നടത്താൻ ജില്ലാപഞ്ചായത്ത് സി.ഇ.ഒ. താലൂക്ക് ഹെൽത്ത് ഓഫീസറുടെ മേൽ കടുത്ത സമ്മർദം ചെലുത്തിയെന്നും ഇതാണ് അദ്ദേഹം ജീവനൊടുക്കാൻ കാരണമായതെന്നുമാണ് ആരോപണം ഉയരുന്നത്.

നാഗേന്ദ്രയുടെ മരണത്തിൽ ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുത്തില്ലെങ്കിൽ തിങ്കളാഴ്ചമുതൽ സംസ്ഥാനവ്യാപകമായി സമരം നടത്താൻ തീരുമാനിച്ചതായി കർണാടക സ്റ്റേറ്റ് മെഡിക്കൽ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

അമിത ജോലിഭാരവും സമ്മര്‍ദ്ദവും പലര്‍ക്കും ഉള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് അതില്‍ തീരുമാനമുണ്ടാകും. സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാര്‍ക്കും ആ ഉറപ്പ് സര്‍ക്കാര്‍ നല്‍കുകയാണ്, ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. നന്‍ജംഗുണ്ട് താലൂക്കിലെ ഡോക്ടര്‍മാരുടെ യോഗവും അടിയന്തരമായി മന്ത്രി വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ 2823 ഡോക്ടര്‍മാര്‍ക്കും 10,339 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലിങ് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മെന്റല്‍ ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടറായ ഡോ. രജനി പറഞ്ഞു. നാളുകളായി വീട്ടുകാരില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് അവര്‍. മാത്രമല്ല കൊവിഡ് പിടിപെടുമോയെന്ന ഭീതിയും ഇവരിലുണ്ടെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഏതെങ്കിലും രീതിയിലുള്ള ജോലി സമ്മര്‍ദ്ദങ്ങള്‍ നേരിടുകയാണെങ്കില്‍ അത് മേലധികാരികളെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമലു അറിയിച്ചു.

43കാരനായ ഡോ. നാഗേന്ദ്രയുടെ മരണത്തിന് പിന്നാലെ നന്‍ജഗുണ്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും കുടുംബവും പ്രതിഷേധിച്ചിരുന്നു. ജില്ല പഞ്ചായത്ത് സി.ഇ.ഒ കടുത്ത ജോലിഭാരമാണ് ഡോ. നാഗേന്ദ്രയ്ക്ക് മേല്‍ നല്‍കിയതെന്നും സ്റ്റാഫുകളുടെ കുറവുണ്ടായിട്ടും പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെ എല്ലാ ജോലിയും ഇദ്ദേഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു.

ഒരു ദിവസം 300 ആന്റിജെന്‍ ടെസ്റ്റ് വരെ ഇദ്ദേഹം ഒറ്റയ്ക്ക് നടത്തേണ്ടതുണ്ടായിരുന്നു. ഈ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്‌തെന്നും കുടുംബം ആരോപിച്ചു. കൊവിഡ് ഡ്യൂട്ടിയിലായതിനാല്‍ തന്നെ നാഗേന്ദ്ര ഗിരിനഗറിലെ വീട്ടില്‍ തനിച്ചായിരുന്നു. ഭാര്യയും ഏഴ് വയസുകാരി മകളും അവരുടെ വീട്ടിലായിരുന്നു താമസം.

ഡോക്ടർക്ക് ആദരാഞ്ജലിയർപ്പിക്കാൻ മെഡിക്കൽ എജ്യുക്കേഷൻ വകുപ്പുമന്ത്രി ഡോ. കെ. സുധാകരൻ വെള്ളിയാഴ്ച നഞ്ചൻകോട്ടെത്തി. അദ്ദേഹത്തിനുനേർക്ക് നാഗേന്ദ്രയുടെ സഹപ്രവർത്തകരായ ഡോക്ടർമാർ പ്രതിഷേധസ്വരമുയർത്തി.

അതേസമയം മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ശ്രീരാമലു ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാല്‍ അവര്‍ക്ക് കര്‍ശന ശിക്ഷ തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഡോക്ടറുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ കുടുംബത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us