നാടണയാൻ ഒരുങ്ങിനിന്ന ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിൽ

ദുബായ്: വിമാനസർവീസുകളെച്ചൊല്ലി ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ഭിന്നത വളരുന്ന സാഹചര്യത്തിൽ നാടണയാൻ ഒരുങ്ങിനിന്ന ആയിരകണക്കിന് പ്രവാസികൾ ദുരിതത്തിലവുന്നു.

വിവിധ സംഘടനകൾ ചാർട്ടർചെയ്ത യു.എ.ഇ.യുടെ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് എയർവെയ്‌സിന്റെയും ഷാർജയിൽനിന്ന് ലഖ്നൗവിലേക്ക് പോകാനിരുന്ന എയർ അറേബ്യ വിമാനത്തിന്റെയും ഉൾപ്പെടെയുള്ള യാത്രകളാണ് മുടങ്ങിയത്.

അബുദാബി കെ.എം.സി.സി.യായിരുന്നു ഇത്തിഹാദ് വിമാനം ചാർട്ടർ ചെയ്തിരുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ യു.എ.ഇ.യുടെ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് യാത്ര തടസ്സപ്പെട്ടത്. ഇതുൾപ്പെടെ ഇന്ത്യയിലെ ഏതാനും സ്വകാര്യവിമാനങ്ങളുടെ സർവീസുകളും ശനിയാഴ്ച നടന്നില്ല.

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ. താമസവിസയുള്ളവരെ കാലിയായി പോകുന്ന വിമാനങ്ങളിൽ യു.എ.ഇ. യിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ, ഇതിന് യു.എ.ഇ. അനുമതി നൽകിയിരുന്നില്ല.

ഇതിനുള്ള മറുപടി എന്ന നിലയിലാണ് യു.എ.ഇ.യുടെ ചാർട്ടേഡ് വിമാനങ്ങൾക്കുള്ള പ്രവേശനാനുമതി ഇന്ത്യയും നൽകാത്തത് എന്നാണ്  സൂചന. യു.എ.ഇ.യുടെ മുന്നൂറോളം ചാർട്ടേഡ് വിമാന സർവീസുകൾക്കാണ് ഇന്ത്യ അനുമതി നൽകിയത്. അത്രതന്നെ ചാർട്ടേഡ് സർവീസുകൾക്കുള്ള അനുമതി ലഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

കോവിഡിന്റെ ആദ്യ നാളുകളിൽത്തന്നെ യു.എ.ഇ.യിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധമാണെന്ന്  ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസും ഫ്ളൈദുബായിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഈ വാഗ്ദാനം ഇന്ത്യ നിരസിച്ചു.

പിന്നീട് ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനികൾ വന്ദേ ഭാരത് മിഷനുമായി യു.എ.ഇ.യിൽ എത്തി. എന്നാൽ ഈ വിമാനങ്ങളിൽ സീറ്റ് കിട്ടാനുള്ള പ്രയാസം കണ്ടറിഞ്ഞാണ് സാമൂഹിക സാംസ്കാരിക സംഘടനകൾ ചാർട്ടേഡ് വിമാനങ്ങളുമായി രംഗത്തെത്തിയത്.

ഇന്ത്യയുടെ ഏതാനും സ്വകാര്യ വിമാനങ്ങളാണ് തുടക്കത്തിൽ ഇതിനായി എത്തിയതെങ്കിൽ പിന്നീട് യു.എ.ഇ. വിമാനങ്ങളും ചാർട്ടർ ചെയ്യപ്പെട്ടു. ഇതോടെ ഇന്ത്യൻ വിമാനങ്ങളിലെ തിരക്ക് കുറയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us