സാമൂഹിക അകലമെല്ലാം സാധാരണക്കാർക്ക് മാത്രമോ ?;ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആരോഗ്യമന്ത്രിക്ക് അനുയായികളുടെ സ്വീകരണം.

ബെംഗളൂരു: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചാൽ സാധാരണക്കാരന് പിഴയും മറ്റ് ശിക്ഷണ നടപടികളും ലഭിക്കും.

എന്നാൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ആയാലോ പലപ്പോഴും നിയമം മാറി നിൽക്കും.

ഇന്നലെ ആരോഗ്യ മന്ത്രി ശ്രീരാമുലുവിന് ചിത്രദുർഗയിൽ അനുയായികൾ നൽകിയ വൻസ്വീകരണം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

സാമൂഹിക അകലം പാലിക്കാതെയാണ് പാർട്ടി പ്രവർത്തകർ ശ്രീരാമുലുവിനെ സ്വീകരിക്കാനെത്തിയത്.

പഴവർഗങ്ങൾ കൊണ്ടുണ്ടാക്കിയ കൂറ്റൻ മാലയും മന്ത്രിക്ക് സമ്മാനിച്ചു. മന്ത്രി ശ്രീരാമുലുവും അനുയായികളും മുഖാവരണവും ധരിച്ചിരുന്നില്ല. മുഖാവരണം ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിരിക്കെയാണ് ഇത്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള സ്വീകരണമാണ് ഒരുക്കിയത്. അനുയായികളെ തടയുന്നതിനുപകരം നേതാക്കൾ കൈവീശി അഭിനന്ദിക്കുകയായിരുന്നു

സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദേശം നിലനിൽക്കുമ്പോഴാണ് ആരോഗ്യമന്ത്രിതന്നെ നിയമം ലംഘിച്ചത്. പ്രവർത്തകർ കൂട്ടത്തോടെ മന്ത്രിയെ സ്വീകരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പ്രവർത്തകരുമായി വളരെ അടുത്താണ് മന്ത്രി ഇടപെടുന്നത്.

പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിച്ചില്ലെന്നും ആരോപണമുണ്ട്. ജനങ്ങൾ കൂട്ടംകൂടുന്നത് വിലക്കിക്കൊണ്ടുള്ള കർശന നിയന്ത്രണം നിലനിൽക്കുമ്പോഴാണ് വൻസ്വീകരണമൊരുക്കിയത്. ചിത്രദുർഗ ചല്ലക്കരെയിൽ വേദാവതി നദിയിൽനടന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

മന്ത്രിതന്നെ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ജനങ്ങളുടെ കാര്യം എന്താകുമെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സാമൂഹിക അകലം പാലിക്കണമെന്ന് നിർദേശിക്കുമ്പോഴാണ് പാർട്ടിനേതാവായ ആരോഗ്യമന്ത്രി നിയമം ലംഘിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം കുമാരസ്വാമിയുടെ മകൻ്റെ വിവാഹം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് നടത്തിയത് എന്ന കേസ് കോടതിയിലാണ്.ഈ വിഷയത്തിൽ സർക്കാറിനെ കോടതി വിമർശിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us