ആരാധനാലയങ്ങൾ അടഞ്ഞ് കിടക്കുന്ന ഈ കാലത്ത് എന്താണ് പൗരോഹിത്യം എന്ന വേറിട്ട ശബ്ദമുയർത്തിയ ദൈവദാസനാണ് ഫാ.ജോർജ് കണ്ണന്താനം .പ്രാർത്ഥനകളും ശുശ്രൂഷകളും ആഘോഷങ്ങളുമില്ലാതെ ബിഷപ്പുമാരുടെയും ഗവർമെൻ്റിൻ്റെയും നിർദ്ദേശങ്ങൾ പാലിച്ച് ഭൂരിഭാഗം പുരോഹിതന്മാരും വീട്ടിൽ സുരക്ഷിതരായി തുടരുകയാണ്.
എന്നാൽ യഥാർഥത്തിൽ അതാണോ പൗരോഹിത്യം എന്ന ചോദ്യത്തിന് വേറിട്ടൊരു ഉത്തരമാണ് ഫാ. കണ്ണന്താനം. ഉദാസീനരായി സ്വയം ഒതുങ്ങിക്കൂടുന്ന ഇടവക വികാരികൾ പൗരോഹിത്യം ഒരു അവശ്യ സർവീസ് അല്ല എന്ന സന്ദേശമാണ് നൽകുന്നത്.ഈയവസരത്തിലാണ് കണ്ണന്താനം മാനവികതയുടെ പുതു വഴികളിലൂടെ തൻ്റെ സഞ്ചാരം തുടരുന്നത്.
കോവിഡ് 19 എന്ന മഹാമാരിയാൽ ആയിരങ്ങൾ പട്ടിണിമൂലം ദുരിതമനുഭവിക്കുകയാണ്.നമ്മൾ ജനത്തിൻ്റെ പണം ശേഖരിച്ച് പള്ളികളും കെട്ടിടങ്ങളും പണിയുന്നു.എന്നാൽ അവർക്ക് ദുരിതം വരുമ്പോൾ നാമതേപ്പറ്റി അന്വേഷിക്കുന്നില്ല എന്ന് അദ്ദേഹം ഓർക്കുന്നു. കാരണം ഇടവക വികാരിയുടെ ജോലി പാവങ്ങളെ ഊട്ടുന്നതല്ല കുർബാന നടത്തുന്നതാണെന്ന ചിന്താഗതിക്കാരാണ് മിക്കവരും.
ആരോഗ്യരംഗത്തിനൊപ്പം ഗവർമെൻ്റ് സംവിധാനങ്ങളും മനുഷ്യ സ്നേഹികളും ഒറ്റക്കെട്ടായി നിന്ന് പോരാടുമ്പോൾ എവിടെയാണ് പുരോഹിതരും മതവും എന്നദ്ദേഹം ചോദിക്കുന്നു. 1992 മുതൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായുള്ള ഫാ.കണ്ണന്താനത്തിന് പൗരോഹിത്യം പാവങ്ങളെ സേവിക്കാനുള്ളതാണ്.
ബെംഗളൂരു നഗത്തിൻ്റെ പ്രാന്തപ്രദേശമായ ദൊഢബെല്ലാപ്പൂർ മേഖലയിൽ തൻ്റെ സഹപ്രവർത്തകരായ സിറാജ്, നാരായണപ്പ എന്നിവരുടെ കൂടെ ഭക്ഷണ വിതരണത്തിനായി പോകുന്ന ഫാദർ ഈ ലോകത്തിന് മുന്നിൽ മത സൗഹാർദ്ദത്തിൻ്റെ പുതുചിത്രം കൂടി നൽകുന്നു.
അതോടൊപ്പം മാനവികതക്ക് മതമില്ല എന്ന് ഉറക്കെ വിളിച്ച് പറയുന്നു.അതു കൊണ്ട് ജാതിമത ഭേദമില്ലാതെ നിരവധി മേഖലകളിലുള്ള ആളുകൾ ഫാദറിൻ്റെ സേവനവഴികളിൽ ഒപ്പം ചേരുന്നു.
സേവനത്തിനായി ഉഴിഞ്ഞ് വെച്ച ഫാദറിൻ്റെ ജീവിതയാത്രക്കിടെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പ്രസിഡൻ്റിൻ്റെ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
എന്നാൽഅവാർഡ് തുക ഭവന നിർമ്മാണ പദ്ധതികൾക്കായി മാറ്റി വെച്ച്കൊണ്ട് ഫാദർ വീണ്ടും വ്യത്യസ്തനായി.ഫാദറിൻ്റെ സേവന മേഖലകളും പ്രവർത്തന പരിധിയും ഏറെ വിപുലമാണ്. കേരളം ,കർണ്ണാടക, തമിഴ്നാട് ,നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സുനാമിയുൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ ഫാദറിൻ്റെ സഹായഹസ്തങ്ങൾ എത്തിയിട്ടുണ്ട്.
ഫാദറിൻ്റെ ചില പ്രധാന സേവന സംരംഭങ്ങൾ
1. ഹോപ്പ് സൊസൈറ്റി
1988ൽ സാമൂഹ്യ പ്രവർത്തനത്തിൽ മാസ് സ്റ്റേഴ്സ് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ ബെൽഗാമിൽ ആരംഭിച്ച ഡീഅഡിഷൻ സെൻററാണിത്.തുടർന്ന് 1990 ൽ ഈ സംരംഭം ഹോപ്പ് ഡീഅഡിഷൻ ആക്ഷൻ ഗ്രൂപ്പ് ആയി രജിസ്റ്റർ ചെയ്തു.
2. മദ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ.
1992 ൽ കത്തോലിക്കാ പുരോഹിതനായ ശേഷം കർണ്ണാടകത്തിലെ ഒരു ഗ്രാമത്തിൽ വർഷങ്ങളോളം മദ്യലോബികൾക്കെതിരായി പോരാടുകയും അതിൻ്റെ ഫലമായി രണ്ട് മദ്യശാലകൾ അടച്ച് പൂട്ടിക്കുകയും ചെയ്തു. ഇതായിരുന്നു അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയ ആദ്യത്തെ സാമൂഹ്യ പ്രവർത്തനം.
3. സുമനഹള്ളി സൊസൈറ്റി.
കുഷ്ഠരോഗികൾക്കായുള്ള സംരഭമാണിത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും അനുബന്ധ സംവിധാനങ്ങും ഇവിടെ ഒരുക്കാൻ ഫാദറിന് കഴിഞ്ഞു.
4. സെൻ്റ് ജോസഫ് സ്കൂൾ.
സുമനഹള്ളിയുമായി ബന്ധപ്പെട്ട് കുഷ്ഠരോഗ പശ്ചാത്തലമുള്ളതും ,എച്ച്.ഐ.വി ,മറ്റ് വൈകല്യങ്ങൾ എന്നിവയുള്ളതുമായ കുട്ടികൾക്കായി ആരംഭിച്ച സ്ഥാപനമാണിത്.2004 ൽ പ്രവർത്തനമാരംഭിച്ച ഇവിടെയിപ്പോൾ 350 കുട്ടികൾക്ക് പത്താംതരം വരെയുള്ള സൗജന്യ വിദ്യാഭ്യാസം നൽകുന്നു.
5. ആഹള്ളി.
കുഷ്ഠം, എച്ച് .ഐ .വി തുടങ്ങിയ രോഗങ്ങളിൽ നിന്ന് മുക്തി നേടിയവർക്ക് മാത്രമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗാർമെൻ്റ് യൂണിറ്റ് ആണിത്. സുമനഹള്ളി ക്യാംപസിൻ്റെ ഉള്ളിൽ തന്നെയാണ് ആഹള്ളി നിലകൊള്ളുന്നത്.40 ഓളം രാജ്യങ്ങളിലേക്ക് ഇവിടുത്തെ ബ്രാൻ്റഡ് വസ്ത്രങ്ങൾ കയറ്റി അയക്കപ്പെടുന്നു.
6. സാമൂഹിക വിനോദസഞ്ചാരം.
സാമൂഹിക വിനോദ സഞ്ചാരമെന്ന ആശയത്തിന് തുടക്കം കുറിക്കുകയും, അതുമായി ബന്ധപ്പെട്ട് വിദേശികൾക്ക് ഇന്ത്യയലെത്താനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്തു.
7. സപ്പോർട്ട് ബെൽഗാം.
2019 ൽ എച്ച്.ഐ.വി രോഗികൾക്കായി ആരംഭിച്ച സ്ഥാപനമാണിത്. ബെൽഗാം ,ബെല്ലാരി, ഹൂഗ്ലി തുടങ്ങിയ തീവ്ര ബാധിത പ്രദേശങ്ങളിലുള്ളവർക്കെല്ലാം ഇവിടെ സൗജന്യ ചികിത്സ നൽകി വരുന്നു.
8. ചൈൽഡ് ട്രസ്റ്റ്
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 2010ൽ ആരംഭിച്ച സംരഭമാണിത്.ഭിന്ന ശേഷിക്കാരായ50 കുട്ടികൾക്ക് വിദ്യാഭ്യാസവും ശ്രദ്ധയും പരിചരണവും നൽകി ഇവിടെ പരിപാലിക്കുന്നു.
9. പ്രൊജക്ട് വിഷൻ.
നേത്രദാനവുമായി ബന്ധപ്പെട്ടാണ് 2013 ൽ പ്രൊജക്ട് വിഷൻ എന്ന പദ്ധതി ആരംഭിച്ചത്. യു.എസ്.ചൈന, ശ്രീലങ്ക ,നേപ്പാൾ, ഫിലിപ്പൈൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇതിന് ശാഖകൾ ഉണ്ട്. പത്ത് വർഷത്തോളമായി കോർണിയൽ അന്ധതക്ക് പരിഹാരമായി നേത്രദാനവുമായി പ്രൊജക്ട് വിഷൻ മുന്നോട്ട് പോകുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാവപ്പെട്ടവർക്ക് വേണ്ടി തുംകൂർ ജില്ലയിലെ കാസപുരയിൽ ‘ഐ കെയർ ക്യാംപസ് ‘ പ്രവർത്തിച്ച് വരുന്നു.
10. 1400 വീടുകൾ നിർമ്മിച്ചു.
കുഷ്ഠം, എച്ച്.ഐ.വി എന്നിവ ബാധിച്ചവർക്കും അംഗ പരിമിതർക്കുമായി 1400 വീടുകൾ കേരളം, കർണ്ണാടക, തമിഴ്നാട്, നേപ്പാൾ എന്നിവിടങ്ങളിലായി നിർമ്മിച്ചു നൽകി.
30 വർഷം നീണ്ട തൻ്റെ സാമൂഹിക സേവന ജീവിതത്തിനിടെ അദ്ദേഹം ഇടപെടാത്ത മേഖലകൾ വിരളമാണ്. അതു കൊണ്ട് അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം പൗരോഹിത്യമെന്നാൽ പാവങ്ങളെ സഹായിക്കലാണ്. ഈ കോവിഡ് കാലം മതപരമായ സേവനങ്ങൾ അവശ്യ സർവ്വീസ് അല്ലെന്ന് തെളിയിച്ചു എന്ന് അഭിപ്രായപ്പെടുന്ന ഫാദർ കുർബാനകൾ ഇല്ലാതായപ്പോൾ വരുമാനം നഷ്ടമായെന്ന ചിന്തയുള്ള വികാരികൾ ഉണ്ടെന്നും കൂട്ടിച്ചേർക്കുന്നു. ഒരു പൊട്ടിച്ചിരിയോടെ ഓൺലൈൻ കുർബാനകൾ ആരംഭിച്ചാൽ അവർ സന്തുഷ്ടരാകും എന്ന് പറഞ്ഞ് നിർത്തുമ്പോൾ നാം കാണുന്നത് പൗരോഹിത്യത്തിന് പുതു നിർവ്വചനങ്ങൾ കുറിച്ച വേറിട്ടൊരു ഇടയനെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.