ന്യൂഡൽഹി: ലോക്ക് ഡൗൺ കാരണം സംസ്ഥാനത്ത് കുടുങ്ങിയ മലയാളികളെ സ്വന്തം ചെലവിൽ തിരിച്ചെത്തിക്കാമെന്ന് അറിയിച്ച് മൂന്ന് തവണ പഞ്ചാബ് സർക്കാർ കത്തയച്ചിട്ടും കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഗർഭിണികൾ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഉൾപ്പെടെ 1078 പേരാണ് കേരളത്തിലേക്കുള്ള മടക്ക യാത്രയ്ക്കായി പഞ്ചാബ് സർക്കാറിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ശ്രമിക് തീവണ്ടികൾ ഓടാൻ ആരംഭിച്ച ഉടൻതന്നെ കേരളത്തിലേക്കുള്ളവരെ ആരോഗ്യ പരിശോധന നടത്തി തിരിച്ചെത്തിക്കാൻ തയ്യാറാണെന്നും ഇതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പ്രിൻസിപ്പൽ സെക്രട്ടറി ആർ വെങ്കിട്ടരത്നം കേരള പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്കാണ് കത്തയച്ചിരുന്നത്.
കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ളവരെ ഒരേ തീവണ്ടിയിൽ തിരിച്ചെത്തിക്കാനായി ബെംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ് പഞ്ചാബ്അറിയിച്ചത്.
മേയ് അഞ്ചിനും ഏഴിനുമായി ഇത്തരത്തിൽ മൂന്ന് കത്തുകളാണ് പഞ്ചാബ് അയച്ചത്. എന്നാൽ ഒന്നിനും കേരളം മറുപടി നൽകിയിട്ടില്ല.
കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബിലേക്കുള്ള 188 പേരുടെ മടക്ക യാത്രയ്ക്കും കേരളം ഇതുവരെ അനുമതി നൽകിയിട്ടില്ല.
എന്നാൽ തീവണ്ടി ഓടിക്കാൻ സമ്മതമാണെന്ന് കർണാടക അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാവരേയും പഞ്ചാബ് സ്വന്തം ചെലവിലാണ് തിരിച്ചെത്തിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.