പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

ബെംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കർണ്ണാടക ഹൈക്കോടതി.

അന്വേഷണം പക്ഷപാതപരമാണെന്ന് ഹൈക്കോടതി പറഞ്ഞു.

പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമർശിച്ചു.

പരാതിക്കാർ സമർപ്പിച്ച ഫോട്ടോയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസുകാർ കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കോടതി.

പ്രതിഷേധക്കാർക്കെതിരെ പോലീസ് 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ള 21 പേർ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജോൺ മൈക്കിൾ കുൻഹയാണ് ജാമ്യം അനുവദിച്ചത്.

സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പരിഗണിക്കുന്ന വേളയിലാണ് കർണ്ണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം കോടതി ഉന്നയിച്ചത്.

2019 ഡിസംബർ 19നായിരുന്നു മംഗളൂരുവിൽ പൗരത്വ പ്രക്ഷോഭത്തിനിടെ വലിയരീതിയിലുള്ള പ്രശ്നങ്ങളുണ്ടായത്.

പ്രതിഷേധക്കാരെ പോലീസ് അടിച്ചമർത്തുകയും വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us