ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന സ്ഥലത്തേക്ക് സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.

ബെംഗളൂരു : കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആർ.എസ്.എസും ( രാഷ്ടീയ സ്വയം സേവക സംഘം), വി.എച്ച്.പിയും (വിശ്വഹിന്ദു പരിഷത് ), എച്ച്.ജെ.വി (ഹിന്ദു ജാഗരൺ വേദിഗെ) എന്നീ സംഘടനകൾ.

കനകപുര ചലോ എന്ന പേരിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധമാർച്ചിൽ 5000 ഓളം പേരാണ് പങ്കെടുത്തത്.

പ്രമുഖ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ ഡി.കെ. ശിവകുമാർ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി.

ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും തന്റെ തീരുമാനമല്ലെന്നും ഡി.കെ ശിവകുമാർ പ്രതികരിച്ചു.

സ്ഥലം എം.എൽ.എ എന്ന നിലയിൽ താൻ അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും മാത്രമാണ് ചെയ്തതെന്നും ഡി.കെ ശിവകുമാർ പറയുന്നു. പ്രതിമ നിർമിക്കാനായി സ്ഥലം വിട്ടുനൽകിയെന്നും എല്ലാം നിയമപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്ത് പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കണമെന്നും അദ്ദേഹം അണികൾക്ക് നിർദ്ദേശം നൽകി.

സമാധാനം പുനസ്ഥാപിക്കാനായി 1000 പോലീസുകാരെയാണ് പ്രദേശത്ത് നിയോഗിച്ചത്.

“ഞങ്ങൾ തികച്ചും സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്,കപാല ബെട്ടയിൽ നിർമ്മിക്കാൻ പോകുന്ന പ്രതിമ ഇപ്പോൾ അവിടെ നിലനിൽക്കുന്ന മത സൗഹാർദ്ദതത്തെ തകർക്കുകയും ഇത് ക്രിസ്ത്യൻ മിഷണറിമാരുടെ മത പ്രചരണത്തിന് ആക്കം കൂട്ടുകയും ചെയ്യും, അതിനാൽ സർക്കാർ ഈ പ്രതിമാ നിർമ്മാണത്തിന് അനുമതി നൽകരുത്” എന്ന് പരിപാടികൾക്ക് നേതൃത്വം നൽകിയ കല്ലടക്ക പ്രഭാകർ ഭട്ട് പറഞ്ഞു.

ശിവകുമാറിന്റെ  നിയോജകമണ്ഡലത്തിലെ ക്രിസ്ത്യാനികൾ ആധിപത്യം പുലർത്തുന്ന ഗ്രാമമായ ഹരോബെലെയിലാണ് പ്രതിമ സ്ഥാപിക്കുന്നത്.

പ്രതിമ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കാലികൾക്ക് മേയുന്നതിന് റിസർവ് ചെയ്തിട്ടിട്ടുള്ള സ്ഥലമാണെന്നും അവിടെ നിർമാണ പ്രവൃത്തികൾ അനുവദിക്കാൻ കഴിയില്ല എന്നുമാണ് റവന്യൂ മന്ത്രി ആർ.അശോക അറിയിച്ചത്.

ജില്ലാ അധികാരികൾ സ്ഥലം സന്ദർശിക്കുകയും ഇതുവരെ രണ്ട് കാരണം കാണിക്കൽ നോട്ടീസുകൾ നൽകുകയും ചെയ്തു, എന്നാൽ ഒരു നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും ,മറ്റൊന്നിന് ഉടൻ മറുപടി നൽകുമെന്നും ഹരോബെലെ കപാല ബെട്ട വികസന ട്രസ്റ്റ് അറിയിച്ചു, അവരാണ് പ്രതിമാ നിർമ്മാണം നടത്തുന്നത്.

ഏകദേശം 400 വർഷത്തോളമായി ഇവിടെ ഈ സമൂഹം ജീവിച്ചുവരുന്നു. ക്രിസ്മസ് ദിനത്തിൽ പ്രതിമ നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ഡി.കെ ശിവകുമാർ കൈമാറി.

13 പടികൾ ഉൾപ്പെടെ പ്രതിമയുടെ ഉയരം 114 അടിയാണ്. പടികളുടെ നിർമാണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമകളിൽ ഒന്നായിരിക്കും കർണാടകയിലെ കനകപുരയിൽ ഉയരുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us