സുരക്ഷാ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ്

 

ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ ദുബായും സൗദിയുമൊക്കെ ഭീഷണിയുടെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി ദുബായ് മീഡിയ ഓഫീസ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ദുബായ്ക്ക് ഒരു സുരക്ഷാ ഭീഷണിയുമില്ലെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

അതുകൊണ്ടുതന്നെ വെറുതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിച്ചു. യുഎസ് ഇറാന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ദുബായ് മീഡിയാ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്നും ഇവിടെ യാതൊരുവിധത്തിലുള്ള ഭീഷണിയുമില്ലെന്നും മീഡിയാ ഓഫീസ് അറിയിച്ചു. മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യാക്കാരാണ് ദുബായില്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഇറാന്‍-യുഎസ് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ ചങ്കിടുപ്പും കൂടും.

അമേരിക്കയും അയല്‍ക്കാരായ ഇറാനും തമ്മില്‍ സംഘര്‍ഷമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ തങ്ങള്‍ ഒരു യുദ്ധം മുന്നില്‍ കാണുന്നില്ലെന്നും യുഎഇ ഊര്‍ജ-വ്യവസായ വകുപ്പ് മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഇ.

ഇപ്പോള്‍ യുദ്ധ സാഹചര്യമില്ലെന്നും നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നും അബുദാബിയില്‍ നടന്ന സമ്മേളനത്തിനിടെ സുഹൈല്‍ ബിന്‍ മുഹമ്മദ് പറഞ്ഞു.

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിന ശഷവും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കടത്തിന് ഭീഷണിയില്ല. എണ്ണ വിപണിയില്‍ പ്രതിസന്ധിയും നിലവിലില്ല .എന്നാല്‍ എണ്ണ പ്രതിസന്ധി നേരിട്ടാല്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്രതികരിക്കും, എന്നാല്‍ അതിനും പരിമിതികളുണ്ട്.

കരുതല്‍ സംഭരണം കൊണ്ട് വിതരണ അളവിനെ മറികടക്കാനാവില്ല. എന്നാല്‍ നിലവില്‍ സാഹചര്യത്തില്‍ ഭീകരമായ മാറ്റമുണ്ടാവാത്തിടത്തോളം എണ്ണ വിപണിയില്‍ പ്രതിസന്ധിയുണ്ടാവേണ്ട ഒരു സാഹചര്യവും താന്‍ മുന്നില്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി. അമേരിക്കന്‍ എംബസിയുടെ 100 മീറ്റര്‍ സമീപത്തായിട്ടാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇറാഖ് സൈന്യം അറിയിച്ചു.

ആളപായമില്ലെന്നും ഇറാഖ് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ റോക്കറ്റാക്രമണത്തില്‍ ആള്‍നാശമുണ്ടായെന്നാണ് ഇറാന്‍ പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us