ബെംഗളൂരു : നാളെ കർണാടക രാജ്യോത്സവയെ തുടർന്ന് നഗരത്തിൽ അവധി ഉള്ളതിനാൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കും എന്ന കാരണത്താൽ നിരവധി ആളുകൾ ആണ് ഇന്ന് തിരിക്കുന്നത് .
സർക്കാർ സ്വകാര്യ ബസുകളിൽ ഒന്നും ടിക്കറ്റ് കിട്ടാനില്ല, അങ്ങനെയുള്ള ഈ ദിവസം, നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്കാനിയ സർവ്വീസ് റദ്ദാക്കി കേരള ആർ.ടി.സി.
വൈകുന്നേരം 6.30 ഓടെയാണ് ബസ് സർവ്വീസ് റദ്ദാക്കിയ സന്ദേശം യാത്രക്കാരുടെ മൊബൈലുകളിൽ എത്തിയത്. പകരം ഡീലെക്സ് സർവ്വീസ് ഏർപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി.സി ഉറപ്പ് നൽകിയിരുന്നു.
ദസറ അവധിക്ക് തൊട്ടു മുൻപും ദീപാവലി അവധിക്ക് തൊട്ടു മുൻപും കേരള ആർ ടി സി സർവ്വീസുകൾ റദ്ദാക്കിയിരുന്നു എന്നതിനാൽ ഇതിൽ വലിയ അൽഭുതമില്ല.
എന്നാൽ ഇത്തവണ സാറ്റലൈറ്റ് ബസ്റ്റാന്റിൽ വച്ച് യാത്രക്കാരെ കയറ്റുന്നതിനിടക്ക് സി.സി.ക്കാർ ബസ് പിടിച്ച് കൊണ്ട് പോകുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ബ്ലാങ്കറ്റുകളും മറ്റും പുറത്ത് ഇട്ടതിന് ശേഷമാണ് ബസ് കൊണ്ടു പോയത്.
കെ.എസ്.ആർ.ടിസി മഹാരാഷ്ട്രയിൽ നിന്നുള്ള കമ്പനിയിൽ നിന്ന് വാടകക്ക് എടുത്ത് സർവ്വീസ് നടത്തുന്ന ബസിന് ആണ് ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നത്.
ഈ കമ്പനിക്ക് 5 കോടിയോളം രൂപ കെ.എസ്.ആർ.ടി.സി നൽകാനുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ.
മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിൽ നിന്നുമാണ് ഏതാനും സ്കാനിയ ബസുകൾ കെ.എസ്.ആർ.ടി.സി വാടകക്കെടുത്തത്. ഡ്രൈവറെയും അറ്റകുറ്റപ്പണിയും കമ്പനി നോക്കുമ്പോൾ ,കണ്ടക്ടറെ നിയമിക്കുകയും കിലോമീറ്റർ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിക്ക് പ്രതിഫലം നൽകുകയുമാണ് കെ.എസ്.ആർ.ടിസി ചെയ്യേണ്ടത്.
നഗരത്തിൽ നിന്നും പത്തനം തിട്ടയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ഇതിലെ ഒരു വണ്ടി കോയമ്പത്തൂരിനടുത്തു വച്ച് അപകടത്തിൽ പെട്ടിരുന്നു, പകരം ബസ് ഏർപ്പാടാക്കിയിട്ടില്ല.
കല്ലടയുമായി ബന്ധപ്പെട്ട വിഷയത്തെ ത്തുടർന്ന് കേരള ആർടിസിക്ക് ലഭിച്ചിരുന്ന വിശ്വാസ്യത ഇത്തരം തുടർച്ചയായ സംഭവങ്ങളിലൂടെ പൊയ്പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബുക്ക് ചെയ്ത് ടിക്കറ്റ് അവസാന നിമിഷം റദ്ദാക്കിയാൽ ഏത് യാത്രക്കാരനാണ് വീണ്ടും അതേ സർവ്വീസ് ഉപയോഗപ്പെടുത്തുക ?
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.