ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ്. വിമതരെ സ്ഥാനാർഥിയാക്കുന്നതിൽ ബി.ജെ.പി.യിൽ ഭിന്നത. പരസ്യപ്രതിഷേധവുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ഹൊസകോട്ടെയിൽ ബി.ജെ.പി. എം.പി. ബച്ചഗൗഡയുടെ മകൻ ശരത് ഗൗഡയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വീടിനുമുന്നിൽ ബച്ചഗൗഡയുടെ അനുയായികൾ പ്രതിഷേധം നടത്തി.
അയോഗ്യരാക്കിയ എം.എൽ.എ.മാരിൽ ഉൾപ്പെട്ട മുൻ കോൺഗ്രസ് നേതാവ് എം.ടി.ബി. നാഗരാജിന്റെ മണ്ഡലമാണ് ഹൊസകോട്ടെ. സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചില്ലെങ്കിൽ മകനെ സ്ഥാനാർഥിയാക്കണമെന്നാണ് നാഗരാജ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് 200-ഓളം ബി.ജെ.പി. പ്രവർത്തകർ ഡോളേഴ്സ് കോളനിയിലെ യെദ്യൂരപ്പയുടെ വീടിനുമുന്നിൽ പ്രതിഷേധിച്ചത്.
കോൺഗ്രസ്, ജെ.ഡി.എസ്. പാർട്ടികളിൽനിന്ന് 17 എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് 15 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അയോഗ്യരാക്കിയ മുൻ എം.എൽ.എ.മാർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിമതരുടെ ഹർജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും.
അയോഗ്യരാക്കിയവർക്കു ഉപതിരഞ്ഞെടുപ്പിൽ സീറ്റുനൽകുമെന്നു ബി.ജെ.പി. വാഗ്ദാനം നൽകിയതാണ്. എന്നാൽ ഇതിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്ന എതിർപ്പ് തിരിച്ചടിയായി. പാർട്ടിയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു നേതാക്കളുമായി ചർച്ച നടത്തി.
15 മണ്ഡലങ്ങളിൽ ഏഴെണ്ണത്തിൽ വിജയിക്കാനായില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും. കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കുന്നതിൽ ബി.ജെ.പി.യ്ക്കുള്ളിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നേതൃത്വം.
നഗരത്തിലെ മഹാലക്ഷ്മി ലേഔട്ടിൽ ജെ.ഡി.എസ്. വിമതൻ ഗോപാലയ്യക്ക് സീറ്റ് നൽകുന്നതിലും പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഗോപാലയ്യയോടു പരാജയപ്പെട്ട ബി.ജെ.പി.യിലെ നരേന്ദ്ര ബാബു സീറ്റു വിട്ടുകൊടുക്കുന്നതിൽ തന്റെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ചു.
എന്നാൽ കോടതിയിൽനിന്ന് അനുകൂലവിധിയില്ലെങ്കിൽ ഭാര്യയും ബെംഗളൂരു കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറുമായ ഹേമലതയെ മത്സരിപ്പിക്കണമെന്നാണ് ഗോപാലയ്യയുടെ ആവശ്യം.
വിമതരിലെ മുൻ കോൺഗ്രസ് നേതാവ് ബി.സി. പാട്ടീലിന്റെ മണ്ഡലമായ ഹിരകെരൂരിലെ സ്ഥിതിയും വിഭിന്നമല്ല. ബി.സി. പാട്ടീലിനു സീറ്റു നൽകുന്നതിൽ മണ്ഡലത്തിലെ ബി.ജെ.പി. നേതാക്കൾക്കു ശക്തമായ എതിർപ്പുണ്ട്. പാട്ടീലിന്റെ മകൾ സൃഷ്ടിയെ സ്ഥാനാർഥിയാക്കുമെന്നാണ് സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.