കൊച്ചി: അതെ കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. കാരണം മറ്റൊന്നുമല്ല മലയാളികൾക്ക് ഇരുട്ടടിയായി ഗൾഫിലേക്ക് വിമാന കമ്പനികൾ കുത്തനെ ചാർജ് വർധിപ്പിച്ചതാണ് യൂറോപ്യൻ യാത്ര ലാഭകരമാക്കുന്നത്.
ഓണം, ബക്രീദ് മുൻനിർത്തി വിമാന കമ്പനികളെല്ലാം ഗൾഫ് നാടുകളിലേക്കുള്ള വിമാനയാത്രക്കൂലി നാലിരട്ടിവരെ കൂട്ടിയിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് കൂടുതൽ ദൂരെയുള്ള യൂറോപ്യൻ നാടുകളിലേക്ക് ഗൾഫ് നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. കേരളത്തിൽനിന്ന് നാല്-അഞ്ച് മണിക്കൂറാണ് മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും വേണ്ടിവരുന്ന യാത്രാസമയം.
അതേസമയം ഏഴു മണിക്കൂർ മുതൽ 15 മണിക്കൂർ വരെയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര. സാധാരണ സമയങ്ങളിൽ കൊച്ചിയിൽനിന്ന് യു.എ.ഇ.യിലേക്ക് 4500 മുതൽ 5000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകൾക്ക് ഒാഗസ്റ്റ് 20 കഴിഞ്ഞാൽ 29,000 മുതൽ 36,000 രൂപവരെയാണ് നിരക്ക്. ഗൾഫ് നാടുകളിൽ സൗദിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക്- 65,000 രൂപവരെ. ഇതേ കാലയളവിൽ ഇംഗ്ലണ്ടിലേക്ക് 26,000 രൂപയ്ക്ക് സഞ്ചരിക്കാനാകും. പ്രമുഖ ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിലേക്ക് 40,000 രൂപ മാത്രവും.
ജപ്പാൻ, ചൈന, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും 7000 മുതൽ 21,000 വരെ മാത്രമാണ് വിമാന നിരക്ക്. കൊച്ചിയിൽനിന്ന് നേരിട്ട് ഖത്തറിലേക്ക് 41,000-ന് മുകളിലെത്തിനിൽക്കുമ്പോൾ ബഹ്റൈനിലേക്ക് അത് 52,000 രൂപയ്ക്കുമുകളിലാണ്.
മലയാളികൾ ധാരാളമുള്ള ഒമാനിലേക്ക് 26,000 മുതൽ 41,000 വരെയാണ് നിരക്ക്. കേരളത്തിൽനിന്ന് മാത്രമാണ് ഇത്രയധികം ഉയർന്ന നിരക്ക് വിമാന കമ്പനികൾ ഈടാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.