ബെംഗളൂരു: കഴിഞ്ഞദിവസം മുതൽ കാണാതായ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥ അവസാനമെഴുതിയ കത്ത് പുറത്ത്. കഫേ കോഫി ഡേ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കുമെഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാർഥ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സംരഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു.
ഒരുദിവസം നിങ്ങളെല്ലാം എന്നെ മനസിലാക്കുമെന്നും എന്നോട് ക്ഷമിക്കുമെന്നും അദ്ദേഹം കത്തിൽ എഴുതിയിട്ടുണ്ട്.
വി.ജി. സിദ്ധാർഥയുടെ കത്തിന്റെ ചുരുക്കം ഇങ്ങനെ:-
കുറേനാൾ ഞാൻ പോരാടി, പക്ഷേ ഇന്ന് ഞാൻ അടിയറവ് പറയുകയാണ്. ഓഹരി പങ്കാളികളിൽ ഒരാൾ ഓഹരികൾ മടക്കി വാങ്ങാൻ സമ്മർദം ചെലുത്തി. അതിനെതുടർന്നുണ്ടായ സമ്മർദ്ദവും ആറുമാസം മുൻപ് ഒരു സുഹൃത്തിന്റെ കൈയിൽനിന്ന് കടംവാങ്ങിയ വലിയതുകയുടെ സമ്മർദ്ദവും ഇനിയെനിക്ക് താങ്ങാനാകില്ല.
ഇതിനുപുറമേ മറ്റു ചില കടക്കാരിൽനിന്നുള്ള സമ്മർദ്ദവും എന്നെ പ്രയാസത്തിലാക്കി. മൈൻഡ് ട്രീയുമായി ബന്ധപ്പെട്ട ഇടപാടുകൾ മുടക്കാൻ ആദായനികുതി വകുപ്പ് രണ്ടു തവണ ശ്രമിച്ചു. ആദായനികുതി വകുപ്പിൽനിന്നും ഒരുപാട് ഉപദ്രവം നേരിട്ടു. ഈ വ്യവസായങ്ങളെല്ലാം ഒരു പുതിയ മാനേജ്മെന്റിന് കീഴിൽ ശക്തമായി മുന്നോട്ടുപോകാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്.
എല്ലാ തെറ്റുകൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി. എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ മാത്രം ഉത്തരവാദിത്തമാണ്. എന്റെ ടീമംഗങ്ങൾക്കും ഓഡിറ്റർമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും ഇതൊന്നുമറിയില്ല. എന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരിൽനിന്നും ഞാൻ ഈ വിവരങ്ങൾ മറച്ചുവച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.