സാറ്റലൈറ്റ് ടെർമിനൽ കേന്ദ്രീകരിച്ച് വീണ്ടും കവർച്ച; ഇരയാവുന്നത് ഏറെയും മലയാളികൾ

ബെംഗളൂരു: സാറ്റലൈറ്റ് ടെർമിനൽ കേന്ദ്രീകരിച്ച് കവർച്ചയ്ക്കിരയാകുന്നതിൽ ഏറെയും മലയാളികൾ. കേരള ആർടിസിയുടെ പ്രധാന ഓപ്പറേറ്റിങ് സെന്ററായ സാറ്റലൈറ്റിൽ പുലർച്ചെ എത്തുന്നവരെയാണ് കവർച്ചാ സംഘങ്ങൾ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം മലയാളി യുവാവിന്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ സംഘം കവർന്നു. കോഴിക്കോട് സ്വദേശി നിസാമിന്റെ ഫോണാണ് കവർന്നത്. കോഴിക്കോട്ടു നിന്നുള്ള കേരള ആർടിസി ബസിൽ പുലർച്ചെ സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ നിസാം താമസ്ഥലത്തേയ്ക്ക് പോകാൻ പ്രവേശനകവാടത്തിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബാട്യരായനപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പണവും, മൊബൈൽ ഫോണും അടക്കം കവരുന്ന സംഘങ്ങളെ തടയാൻ ശ്രമിച്ചാൽ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കും. കോഴിക്കോട്, കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന കേരള ആർടിസി ബസുകൾ രാവിലെ 6ന് മുൻപേ സാറ്റലൈറ്റിലെത്തുന്നുണ്ട്.

നഗരത്തിൽ ജോലിആവശ്യത്തിനും മറ്റുമായി ആദ്യമായി എത്തുന്നവർ ഓട്ടോയും ടാക്സിയും അന്വേഷിച്ച് പുറത്തേക്കിറങ്ങുമ്പോഴാണ് കവർച്ചാ സംഘങ്ങളുടെ പിടിയിൽപെടുന്നത്. ടെർമിനലിനുള്ളിൽ ബസ് ഇറങ്ങുമ്പോൾ തന്നെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സംഘം ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്ന് പറഞ്ഞ് പിന്നാലെ കൂടും.

ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ള ഇവരിൽ ചിലർ യാത്രക്കാരെന്ന പേരിൽ ഓട്ടോയിൽ കൂടുതൽ പേരെ കയറ്റും. പാതി വഴിയിലെത്തുമ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള വസ്തുക്കളും  തട്ടിയെടുക്കുകയാണ് പതിവ്.

കേരളത്തിൽ നിന്നുള്ള സ്വകാര്യ ബസുകൾ എത്തുന്ന കലാശിപാളയം, മഡിവാള എന്നിവിടങ്ങളിലും സമാനരീതിയിലുള്ള കവർച്ചകൾ യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. കർണാടക ആർടിസിയുടെ കേരളത്തിലേക്കും, മൈസൂരു, മടിക്കേരി, മംഗളൂരു ഭാഗത്തേയ്ക്കുള്ള സർവീസുകളും തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ എക്സ്പ്രസ് ബസ് സർവീസുകളും സാറ്റലൈറ്റിൽ നിന്നാണ് പുറപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us