ബെംഗളൂരു: രണ്ടാഴ്ചയ്ക്കിടെ വിവിധ ജില്ലകളിലായി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത് 1714 പേരാണ്. ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
ജനുവരി ഒന്നുമുതൽ ജൂലായ് നാലുവരെ ആറുമാസത്തിനിടെ 3058 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ ജൂലായ് നാലുമുതലുള്ള രണ്ടാഴ്ചയ്ക്കിടെ ഇതിന്റെ പകുതിയിലധികം പേർക്കാണ് ഡെങ്കിപ്പനി പിടിപ്പെട്ടത്.
ജില്ലാ ആരോഗ്യ ഓഫീസർമാർക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ അധികൃതർ നിർദേശം നൽകി. ഇടവിട്ട് മഴ പെയ്യുന്നതോടെ കൊതുകുശല്യം വർധിച്ചതാണ് ഇതിന്റെ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
കൊതുകുകൾ പെറ്റു പെരുകിയതും കാലാവസ്ഥയിലുണ്ടായ മാറ്റവും രോഗം വ്യാപിക്കുന്നതിന്റെ വേഗത വർധിപ്പിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ ആരോഗ്യപ്രവർത്തകർ സംസ്ഥാനത്ത് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
നഗരത്തിലും ഡെങ്കിപ്പനിബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണുള്ളത്. ബൗറിങ്, വിക്ടോറിയ തുടങ്ങിയ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണം കുത്തനെ വർധിച്ചു. സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്.
എന്നാൽ പനിബാധിക്കുന്നവർ സ്വയം ചികിത്സ നടത്തുന്നതാണ് ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുന്നത്. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊതുകു നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സജീവമാണ്.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ചുവടെ:
വൈറസ് ബാധ ഉണ്ടായാൽ ആറുമുതൽ 10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ ചുവന്നപാടുകളും വരാം.
മറ്റ് പനികളിൽനിന്നുള്ള വ്യത്യാസം
സാധാരണ വൈറൽപനിക്ക് സമാനമാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. എങ്കിലും മറ്റ് പനികളിൽനിന്ന് വ്യത്യസ്തമായി അതികഠിനമായ ശരീരവേദന ഉണ്ടാകാം. രോഗിയിൽ കഫക്കെട്ട്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകണമെന്നില്ല.
ലക്ഷണങ്ങൾ ഉണ്ടായാൽ
ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നുകളില്ല. ലക്ഷണങ്ങളും രോഗതീവ്രതയും പരിഗണിച്ച് ഉചിതമായ ചികിത്സയാണ് നിശ്ചയിക്കുക. പനി വന്നാൽ ഒരിക്കലും സ്വയം ചികിത്സിക്കരുത്. രോഗതീവ്രത മനസ്സിലാക്കി മൂന്നുവിഭാഗങ്ങളായി പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
ഡെങ്കിപ്പനി ബാധിക്കുന്ന മിക്കയാളുകൾക്കും കിടത്തിച്ചികിത്സ ആവശ്യമായി വരാറില്ല. ഡോക്ടറുടെ നിർദേശപ്രകാരം വീട്ടിൽത്തന്നെ പരിചരിക്കാവുന്ന അവസ്ഥയിലുള്ളവരെയാണ് ഗ്രൂപ്പ് എയിൽ ഉൾപ്പെടുത്തുന്നത്.
ഡെങ്കിപ്പനി വന്നവർക്ക് പൂർണവിശ്രമം വേണം. ധാരാളം വെള്ളം കുടിക്കണം. പനി കുറയാൻ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകഴിക്കാം. തുടർന്നും ലക്ഷണങ്ങൾ കഠിനമായി നിലനിൽക്കുകയാണെങ്കിൽ ഉടൻ ആശുപത്രിയിലെത്തിക്കണം.
പനിയോടൊപ്പം ഛർദിയും രക്തസ്രാവലക്ഷണവും ഉള്ളവരാണ് ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുന്നത്. രോഗലക്ഷണങ്ങളുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായംകൂടിയവർ, പ്രമേഹബാധിതർ എന്നിവരും ഈ വിഭാഗത്തിൽ ഉൾപ്പെടും.
പനിയോടൊപ്പം ഗുരുതര രക്തസ്രാവം, ബി.പി. വലിയതോതിൽ കുറയുക, മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുക എന്നീ അവസ്ഥയിലുള്ളവരെയാണ് ഗ്രൂപ്പ് സിയിൽ ഉൾപ്പെടുത്തുന്നത്. അടിയന്തരചികിത്സ ആവശ്യമായിവരുന്ന ഘട്ടമാണിത്.
ഒന്നിലധികം തവണ പനി വന്നാൽ
ഒരാൾക്കുതന്നെ ഒന്നിലധികംതവണ ഡെങ്കിപ്പനി ബാധിക്കാം. അങ്ങനെയായാൽ അത് സങ്കീർണമാകാനുള്ള സാധ്യത കൂടുതലാണ്. ജനിതകഘടനയനുസരിച്ച് ഡെങ്കി വൈറസിന് നാല് ഉപവിഭാഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരാളെ ഒരിക്കൽ ബാധിച്ച വൈറസ് തന്നെയാവണമെന്നില്ല വീണ്ടും ബാധിക്കുന്നത്.
ഒരാളിൽത്തന്നെ വീണ്ടും ബാധിക്കുമ്പോൾ അത് ഗുരുതരമായ ഡെങ്കി ഹെമറാജിക് ഫീവർ ആകാൻ സാധ്യതകൂടുതലാണ്. ആന്തരിക രക്തസ്രാവം, ബി.പി. കുറയുക തുടങ്ങിയ അവസ്ഥകളോടെ ഡെങ്കി ഷോക് സിൻഡ്രോം ആകാനും സാധ്യതകൂടും.
പകൽനേരത്തെ കൊതുകുകടി
ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകൽനേരത്ത് കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈഡിസ് കൊതുകുകൾ വീട്ടിന് പരിസരത്തും വീട്ടിനുള്ളിലുമെല്ലാം വളരാം. ഇവ തെളിഞ്ഞവെള്ളത്തിലാണ് മുട്ടയിടുന്നത്.
ഡെങ്കിപ്പനി കൊതുകുകടിയിലൂടെ മാത്രമേ പകരുകയുള്ളൂ. അതിനാൽ കൊതുക് നശീകരണമാണ് ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും പ്രധാനവഴി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.