നഗരത്തിൽ ടാക്‌സി രജിസ്‌ട്രേഷൻ വൻ തോതിൽ കുറയുന്നു!

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി രണ്ടാംവർഷവും ടാക്സി രജിസ്ട്രേഷൻ കുറയുന്നു. ഓൺലൈൻ ടാക്സികളുടെ കടന്നുവരവ്, റോഡുകളിലെ ഗതാഗതക്കുരുക്ക് തുടങ്ങിയവയാണ് ടാക്സി രജിസ്ട്രേഷൻ കുറയാനുള്ള പ്രധാന കാരണം.

2016-17 വർഷത്തിൽ 32,479 ടാക്സികൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2017-18 വർഷം 16,595 ആയും 2018-19 വർഷം 16,274 ആയും കുറഞ്ഞു. നഗരത്തിൽ പൊതുഗതാഗതം ശക്തമായതിന്റെ തെളിവാണ് രജിസ്ട്രേഷനിലെ കുറവെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

2012 മാർച്ചിൽ നഗരത്തിൽ 46,235 ടാക്സികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ എന്നിവയുടെ വരവോടെ ടാക്സികളുടെ എണ്ണം കൂടി. 2019 മേയിലെ കണക്കനുസരിച്ച് നഗരത്തിൽ 1.75 ലക്ഷം ടാക്സികളാണുള്ളത്.

ബെംഗളൂരുവിൽ കഴിഞ്ഞ നാലുമാസത്തിനിടെ ടാക്സി വ്യവസായത്തിൽ 40 ശതമാനം ഇടിവാണ് സംഭവിച്ചത്. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലും സമാന അവസ്ഥ തന്നെയാണ്. ഓൺലൈൻ കമ്പനികളുമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്രൈവർമാരും വരുമാനം കുറഞ്ഞുവരുന്നതായിട്ടാണ് പറയുന്നത്. കമ്പനികൾ ഡ്രൈവർമാർക്ക് ഭേദപ്പെട്ട ഇൻസന്റീവ് നൽകാത്തതും തിരിച്ചടിയാവുകയാണ്.

തുടക്കക്കാലത്ത് കമ്പനികൾ മികച്ച ആനുകൂല്യങ്ങളായിരുന്നു ഡ്രൈവർമാർക്ക് നൽകിയിരുന്നത്. അതിനാൽ ഒട്ടേറെ ഡ്രൈവർമാർ ഓൺലൈൻ ടാക്സികളിൽ രജിസ്റ്റർ ചെയ്തു. എന്നാൽ 2017-നുശേഷം ഈ അവസ്ഥയ്ക്ക് മാറ്റംവരികയായിരുന്നു.

വരുമാനം കുറവായതിനാലും നടത്തിപ്പുചെലവ് കൂടുതലായതിനാലും പലരും ടാക്സി വ്യവസായത്തിൽ നിക്ഷേപിക്കുന്നത് നിർത്തിയിരിക്കുകയാണ്. നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്കുള്ളതുപോലുള്ള ട്രിപ്പുകളിൽ മാത്രമേ ഡ്രൈവർമാർക്ക് നല്ല വരുമാനം ലഭിക്കുന്നുള്ളൂ. ബെംഗളൂരുവിൽ ഓൺലൈൻ ടാക്സി കമ്പനികളുൾപ്പെടെ എട്ട് ടാക്സി ഓപ്പറേറ്റർമാർക്കാണ് ഗതാഗതവകുപ്പ് അനുമതി നൽകിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us