സ്പീക്കറുമായി ചേർന്ന് കുമാരസ്വാമിയുടെ “പൂഴിക്കടകൻ”;ഇതിൽ വിമതരും ബി.ജെ.പിയും വീഴാതെ വഴിയില്ല;അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പ്;വോട്ട് ചെയ്യാത്ത വിമതരെ അയോഗ്യരാക്കും!

ബെംഗളൂരു :ചൊവ്വാഴ്ച വരെ കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതോടെ, വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി.

എല്ലാ ജെഡിഎസ് – കോൺഗ്രസ് എംഎൽഎമാർക്കും പാർട്ടി വിപ്പ് നൽകി. വിമതർക്ക് ഉൾപ്പടെയാണ് വിപ്പ് നൽകിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാൽ, വിശ്വാസവോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ എല്ലാ എംഎൽഎമാരും അയോഗ്യരാകും.

വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കർക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയിൽ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ബിജെപി നേതാക്കളുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഔദ്യോഗികമായി അറിയിക്കും.

തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർ തീരുമാനിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. നിലവിൽ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എംഎൽഎമാർ പറഞ്ഞെന്നും അതിനാലാണ് രാജി വച്ചതെന്നും വാർത്താ സമ്മേളത്തിലടക്കം സ്പീക്കർ പറഞ്ഞിരുന്നു.

ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വച്ച അംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എംഎൽഎമാർ സമ്മർദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കർക്ക് അന്തിമതീരുമാനം എടുത്താൽ മതി.

നിയമസഭയിൽ പരമാധികാരി സ്പീക്കറാണ്. അതിൽ സുപ്രീംകോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്.

ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഇന്ന് സ്പീക്കർ സുപ്രീംകോടതിയിൽ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെയാകും സ്പീക്കറുടെ തുടർനടപടികൾ. സുപ്രീംകോടതിയാകട്ടെ സ്പീക്കറുടെ അധികാരപരിധിയുൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ പരിശോധനകൾക്ക് ശേഷം ചൊവ്വാഴ്ച ഹർജി പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനായാണ് ചൊവ്വാഴ്ചത്തേയ്ക്ക് വാദം മാറ്റിയതും, അതുവരെ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതും. അത്തരത്തിൽ സമയമായിരുന്നു കുമാരസ്വാമി സർക്കാരിന് വേണ്ടിയിരുന്നതും.

”സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ നടക്കുന്നത് നിർഭാഗ്യകരമായ സംഭവങ്ങളാണ്. ഇത് ചില എംഎൽഎമാരുടെ നീക്കങ്ങൾ കൊണ്ടുമാത്രമാണ്. ഞാനിവിടെ അധികാരത്തിൽ കടിച്ചുതൂങ്ങാനല്ല ഇരിക്കുന്നത്. ഇപ്പോഴുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്”, വിധാൻ സൗധയിൽ വച്ച് കുമാരസ്വാമി പറഞ്ഞു.

ഇന്ന് രാവിലെയാണ് വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് സഖ്യസർക്കാർ തീരുമാനിച്ചത്. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ കുമാരസ്വാമി ആവശ്യം സഭയിലുന്നയിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് – ജെഡിഎസ് പാർട്ടികളുടെ രാഷ്ട്രീയ തീരുമാനമാണെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ”അനിശ്ചിതാവസ്ഥ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കുതിരക്കച്ചവടം അവസാനിപ്പിക്കാനാണ് സർക്കാർ തീരുമാനം. കൂറുമാറ്റ നിയമം മറികടക്കാനാണ് വിമതരുടെ രാജിനാടകം. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ വിശ്വാസവോട്ടിൽ പങ്കെടുക്കും”, കെ സി വേണുഗോപാൽ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us