ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഇമ്രാന്‍ ഖാനെ കണ്ടഭാവം നടിക്കാതെ പ്രധാനമന്ത്രി;ഹസ്തദാനത്തിന് പോലും തയ്യാറായില്ല;ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയില്‍.

ബിഷ്കെക്: ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചർച്ചയാവാമെന്ന ഇമ്രാന്‍റെ നിർദ്ദേശം അംഗീകരിക്കാത്ത മോദി ഹസ്തദാനത്തിന് പോലും തയ്യാറിയില്ല. ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഉത്തരവാദികളായി കാണണം. ഇന്ത്യ ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുന്നുവെന്നും മോദി പറഞ്ഞു.

ഒരു യുദ്ധത്തിന്‍റെ വക്കോളമെത്തിച്ച ബാലാകോട്ട് മിന്നലാക്രമണത്തിനും വിംഗ് കമാൻഡ്ർ അഭിനന്ദനെ തിരിച്ചയയ്ക്കാനുള്ള ഇമ്രാൻ ഖാൻറെ തിരുമാനത്തിനും ശേഷം ആദ്യമായി ഇമ്രാൻഖാനുമായി ഒരേ വേദിയിൽ എത്തിയ നരേന്ദ്ര മോദി മുഖം നല്കാൻ പോലും തയ്യാറായില്ല.

ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്‍റ് നല്‍കിയ അത്താഴ വിരുന്നിലും മോദി ഇമ്രാനെ അവഗണിച്ചു. ഉച്ചകോടിയിൽ പാകിസ്ഥാന്‍റെ പേര് പറയാതെ പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ മോദി ആഞ്ഞടിച്ചു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിച്ചു ചേർക്കണം എന്നും മോദി ആവശ്യപ്പെട്ടു.

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ തീർക്കാൻ തയ്യാറെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിനോട് ഇമ്രാൻ ഖാൻ പറഞ്ഞതിനു ശേഷമാണ് മോദി അഞ്ഞടിച്ചത്. പ്രശ്നത്തിൽ രാജ്യാന്തര മധ്യസ്ഥതയാവാമെന്ന ഇമ്രാന്‍റെ നിലപാടും ഇന്ത്യ തള്ളി.

രണ്ടു രാജ്യങ്ങൾക്കിടയിലെ വിഷയം മാത്രമാണിതെന്ന് ഇന്നലെ മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനെ അറിയിച്ചിരുന്നു. ഇന്നലെത്തെ വിരുന്നിനിടെ രാജ്യന്തര മര്യാദ ഇമ്രാൻ ലംഘിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മോദിയും ഷി ജിൻപിങ്ങുമൊക്കെ എണീറ്റു നില്‍ക്കുമ്പോൾ ഇമ്രാൻ ഇരുന്നു. പിന്നീട് സംഘാടക‍ർ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാൻ എണീക്കാൻ തയ്യാറായത്.

ആദ്യ സർക്കാരിന്‍റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ മോദി അതേ നിലപാട് ഇമ്രാൻ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാ-പാക് സമഗ്ര ചർച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകൾ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്ക്കെക്കിലെ കാഴ്ചകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us