ബെംഗളൂരു: എക്സിറ്റ്‌പോൾ പ്രവചനങ്ങൾ പൂർണമായും തള്ളി സഖ്യനേതാക്കൾ. മേയ് 23-ന് പുറത്തുവരുന്ന തിരഞ്ഞെടുപ്പുഫലത്തിന്റെ സൂചനകളല്ല എക്സിറ്റ്‌പോൾ പ്രവചനങ്ങളെന്നാണ് കോൺഗ്രസ്-ദൾ നേതാക്കളുടെ അഭിപ്രായം. എക്സിറ്റ്‌പോളുകളെ ആശ്രയിക്കുകയാണെങ്കിൽ വോട്ടുകൾ എണ്ണേണ്ട ആവശ്യമില്ലെന്ന് റവന്യൂ മന്ത്രി ആർ.വി. ദേശ്പാണ്ഡെ പറഞ്ഞു.
എക്സിറ്റ്‌പോളുകൾ അതേപോലെ ഫലിക്കില്ല. പലപ്പോഴും തെറ്റാറാണ് പതിവ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പുസമയത്ത് എക്സിറ്റ്‌പോളുകൾ തെറ്റി. ഫലംവരുമ്പോൾ എന്തുസംഭവിക്കുമെന്നതിന്റെ സൂചനയല്ലിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ക്ക് അനുകൂലമാകുന്ന വിധത്തിൽ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര ആരോപിച്ചു.
കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ്‌പോൾ പ്രവചനങ്ങൾ ഭാവനാശൂന്യമാണെന്നും ബി.ജെ.പി. അവർക്കനുകൂലമായ പ്രവചനങ്ങളുടെ പിറകെ പോകുന്നുവെന്നത് സംശയം ജനിപ്പിക്കുന്നതായും പരമേശ്വര പറഞ്ഞു. വോട്ടിങ് യന്ത്രത്തെക്കുറിച്ച് പ്രതിപക്ഷം ആരോപിച്ച കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് പ്രവചനങ്ങളെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
ബി.ജെ.പി.യുടെ വിജയം പ്രവചിക്കുന്ന എക്സിറ്റ്‌പോളുകൾ വിശ്വാസയോഗ്യമല്ലെന്നും സഖ്യകക്ഷി 15-16 സീറ്റുനേടുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്‌ലിയും പറഞ്ഞു. എക്സിറ്റ്‌പോൾ പ്രവചനങ്ങൾ ശരിയല്ലെന്നും രാജ്യത്തെ യഥാർഥ അവസ്ഥ വ്യത്യസ്തമാണെന്നുമാണ് കെ.പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിന്റെ അഭിപ്രായം. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.