ബെംഗളൂരു-കേരളം:അവസാനിക്കാത്ത യാത്രാദുരിതവും സ്വകാര്യ ലോബിയുടെ പിടിച്ചുപറിയും-വിഷ്ണുമംഗലം കുമാര്‍

ബെംഗളൂരു: കേരളീയര്‍ ഈയ്യിടെയായി രാജ്യത്തിനകത്ത് ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്നത് ബെംഗളൂരുവിലേക്കാണെന്നാണ് അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നത്. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വ്യവസായ-വ്യാപാര കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നവരുമായ യുവതീയുവാക്കളാണ് യാത്രക്കാരില്‍ ഏറെയും. ഐ.ടിക്കാരായ മലയാളികള്‍ ബെംഗളൂരിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് യുവതീയുവാക്കള്‍ ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്.

സ്വതന്ത്രവും സ്വഛന്ദവുമായ ജീവിതസാഹചര്യവും കേരളത്തില്‍ നിന്ന് ഏറെ അകലെയല്ല എന്നതും യുവതലമുറ ബെംഗളൂരുവിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണങ്ങളാണ്. കേരളത്തില്‍ നിന്നും ബെഗളൂരുവിലേക്കുള്ള ശരാശരി ദൂരം 500 കിലോമീറ്ററാണ്. റോഡുമാര്‍ഗ്ഗം ബസ്സില്‍ 8-10 മണിക്കൂറുകള്‍ കൊണ്ട് ഈ ദൂരം തരണം ചെയ്യാവുന്നതേയുള്ളൂ. അതായത് ഒരു രാത്രിയുറക്കത്തിന്റെ ദൂരം. തീവണ്ടിയാകട്ടെ തമിഴ്‌നാട് ചുറ്റിവളഞ്ഞു സഞ്ചരിക്കുന്നതിനാല്‍ യാത്രാസമയം കൂടുമെങ്കിലും സുരക്ഷിതമാണ്.

ബെംഗളൂരുവിലേക്കും തിരിച്ചും അടിയ്ക്കടിയുള്ള യാത്രയ്ക്ക് വിമാനമോ സ്വന്തം വാഹനമോ ഉപയോഗിക്കുന്നവര്‍ ഇപ്പോഴും വളരെ ചെറിയൊരു ശതമാനം മാത്രമാണ്. യാത്രക്കാരുടെ വര്‍ദ്ധനവിന് അനുസൃതമായി തീവണ്ടി സര്‍വ്വീസ് വര്‍ദ്ധിച്ചിട്ടില്ല. യുവാക്കളായ പതിവുയാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത് ബസ്സുകളെയാണ്. കേരള-കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ പ്രതിദിനം നൂറോളം സര്‍വ്വീസുകള്‍ ബെംഗളൂരുവിലേക്കും തിരിച്ചും നടത്തുന്നുണ്ടെങ്കിലും യാത്രക്കാരില്‍ ചെറിയൊരു ശതമാനത്തിന്റെ ആവശ്യമേ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്ക് നിറവേറ്റാന്‍ കഴിയുന്നുള്ളൂ. മള്‍ട്ടി ആക്‌സില്‍ ബസ്സുകളും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവുമൊക്കെ ഉണ്ടെങ്കിലും കേരള ആര്‍.ടി.സിയ്ക്ക് പൊതുവില്‍ ബാധിച്ചിട്ടുള്ള ജീര്‍ണ്ണതയില്‍ നിന്ന് ബെംഗളൂരു സര്‍വ്വീസുകളും മുക്തമല്ല.

കര്‍ണാടക ആര്‍.ടി.സി സര്‍വ്വീസുകള്‍ ഭേദമെന്നു പറയാം. എന്നാല്‍ അന്തര്‍സംസ്ഥാന റൂട്ട് ആയതിനാല്‍ തുല്യദൂരസര്‍വ്വീസ് എന്ന വ്യവസ്ഥയുടെ പരിമിതിയും പ്രശ്‌നങ്ങളുമുണ്ട്. ഇതിനൊക്കെ മുന്‍കൈയെടുത്ത് പരിഹാരം കാണേണ്ടത് കേരളമാണെങ്കിലും വന്‍ലാഭ സാധ്യതയുള്ള ബെംഗളൂരു റൂട്ടില്‍ വിപ്ലവകരമായ മാറ്റം വരുത്താനുള്ള നടപടികളൊന്നും ഭരണപരമായ ജീര്‍ണ്ണത അനുഭവിക്കുകയും ഭീമമായ നഷ്ടം താങ്ങി തകരുകയും ചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നിന്നുണ്ടാവുന്നില്ല. യാത്രക്കാരുടെ കണ്ണില്‍ പൊടിയിടുന്ന ചില നടപടികള്‍ ഉണ്ടാകുന്നില്ലെന്നല്ല. പക്ഷെ ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവും അവരുടെ പ്രശ്‌നങ്ങളും കേരളഗവണ്മെന്റ് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

മേല്‍ വിവരിച്ച കാരണങ്ങളാല്‍ സ്വകാര്യബസ്സുകളാണ് യാത്രക്കാരുടെ പ്രധാന ആശ്രയം. ബെംഗളൂരു-കേരള റൂട്ടിലെ സ്വകാര്യ ബസ്സ് സര്‍വ്വീസ് അനേകം കോടികള്‍ കൈമറിയുന്ന വന്‍ബിസിനസ്സാണ്. യാത്ര അത്യന്തം സുഖപ്രദവും ആയാസരഹിതവുമാക്കി ബസ്സുടമകള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നു. എളുപ്പം കൈകാര്യം ചെയ്യാവുന്ന ഓണ്‍ലൈന്‍ റിസര്‍വ്വേഷന്‍ സൗകര്യമേര്‍പ്പെടുത്തിയും കേരളത്തിലെ ഗ്രാമങ്ങളിലേക്കും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും കടന്ന് ചെന്നും സ്വകാര്യ ബസ്സുകള്‍ യാത്രക്കാരെ കയ്യിലെടുക്കുന്നു. സ്വകാര്യമേഖല വെളുക്കെ ചിരിക്കുമ്പോള്‍ അതിന്റെ പിന്നില്‍ കൊടിയ ചൂഷണവും വന്‍ചതിയും പതിയിരിപ്പുണ്ടാകുമെന്ന് ഉറപ്പാണല്ലോ. വന്‍തട്ടിപ്പും ചൂഷണവുമാണ് ബെംഗളൂരു-കേരള റൂട്ടിലോടുന്ന സ്വകാര്യബസ്സുകളില്‍ നടക്കുന്നത്. അതിന്റെ വിശദാംശത്തിലേക്ക് പിന്നാലെ വരാം.

മാറുന്ന യാത്രാശൈലി

മുമ്പൊക്കെ ബെംഗളൂരുവില്‍ ജോലിയോ ബിസിനസ്സോ ചെയ്തിരുന്നവര്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ് നാട്ടില്‍ പോയിരുന്നത്. നഗരം ഏറെ അകലെയല്ലെങ്കിലും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ കുറവായിരുന്നതിനാല്‍ നാടിനെക്കുറിച്ച് അവര്‍ വളരെക്കുറച്ചേ അറിഞ്ഞിരുന്നുള്ളൂ. ശരിയ്ക്കും പ്രവാസിജീവിതമാണ് ബെംഗളൂരുവിലെ മലയാളികളും നയിച്ചിരുന്നത്. ഗൃഹാതുരത്വം അവരെ വല്ലാതെ വേട്ടയാടിയിരുന്നു. എന്നാല്‍ ഐ.ടി. അഭിവൃദ്ധി പ്രാപിച്ച് ഏഷ്യയിലെ സിലിക്കണ്‍ വാലിയായി ബെംഗളൂരു മാറിയതോടെ നഗരത്തിലെ മലയാളിസമൂഹത്തിന്റെ ഘടന അടിസ്ഥാനപരമായി മാറി. വാര്‍ത്താവിനിമയരംഗത്തെ ആധുനിക സൗകര്യങ്ങള്‍ ആ മാറ്റത്തിന് ആക്കം കൂട്ടി. ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനവും ആഴ്ചയില്‍ രണ്ടുദിവസം അവധിയും ലഭിക്കുന്നുണ്ട്. ജോലിയുടെ സംഘര്‍ഷവും ഗൃഹാതുരത്വത്തിന്റെ വിങ്ങലും ഒഴിവാക്കാന്‍ വാരാന്ത്യങ്ങളില്‍ ജന്മനാട്ടിലെത്താന്‍ യുവാക്കള്‍ ആഗ്രഹിക്കുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണുക, രുചിയുള്ള ഭക്ഷണം കഴിക്കുക, നാട്ടിലെ ശുദ്ധവായു ശ്വസിക്കുക തുടങ്ങിയ ചെറിയ ആവശ്യങ്ങളേ പലര്‍ക്കുമുള്ളൂ. ഹോസ്റ്റല്‍ ഭക്ഷണം മടുത്ത വിദ്യാര്‍ത്ഥികളും ഒരൊഴിവ് കിട്ടുമ്പോള്‍ നാട്ടിലേയ്ക്ക് ചാടുന്നു. മൂന്നു ലക്ഷത്തിലേറെ മലയാളി യുവതീയുവാക്കള്‍ ബെംഗളൂരുവിലെ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനേകായിരം വിദ്യാര്‍ത്ഥീ -വിദ്യാര്‍ത്ഥിനികള്‍ വിവിധ പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്നുമുണ്ട്. മാസത്തില്‍ ഒരു തവണയെങ്കിലും ജന്മനാട്ടിലേക്ക് പോകുന്നവരാണ് ഇവരില്‍ നല്ലൊരുപങ്കും. കേരളത്തിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യബസ്സുകളെയാണ് ഈ യാത്രക്കാരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത്.

കലാശിപാളയത്തെ തിക്കും തിരക്കും

പഴയ നഗരത്തിന്റെ ഭാഗമായ കലാശിപാളയമാണ് അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ്സുകളുടെ പ്രധാനസങ്കേതം. നഗരജീര്‍ണ്ണതയുടെ സര്‍വ്വമാന ഭാരങ്ങളും പേറുന്ന പ്രദേശമാണ് കലാശിപാളയം. ഇവിടെ വൃത്തിയാക്കാനുള്ള സിറ്റികോര്‍പ്പറേഷന്റേയും ഗവണ്‍മെന്റിന്റേയും ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. വിദൂര ഗ്രാമങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകളുടെ ആസ്ഥാനവും ഇവിടെയാണ്. അതിനായി പഴയ ബസ്സ്റ്റാന്‍ഡ് പൊളിച്ചുകളഞ്ഞ് പുതിയൊരെണ്ണം പണിയുന്നുണ്ട്. അവിടെ പക്ഷെ അന്തര്‍ സംസ്ഥാന സ്വകാര്യബസ്സുകള്‍ക്ക് ഇടം ലഭിക്കുമോ എന്ന് സംശയമാണ്. സ്ഥലപരിമിതിയാണ് പ്രധാന കാരണം. നാട്ടിലേക്കുള്ള ബസ്സ് പിടിക്കാന്‍ വേണ്ടി മാത്രമാണ് മറ്റു ഭാഗങ്ങളില്‍ നിന്ന് ന്യൂജനറേഷന്‍ മലയാളികള്‍ കലാശിപാളയത്തേക്ക് പോകുന്നത്. അതേസമയം സിറ്റിമാര്‍ക്കറ്റ്, മെജസ്റ്റിക്, ചിക്‌പേട്ട്, മൈസൂര്‍റോഡ്, ജയനഗര്‍ പ്രദേശങ്ങളില്‍ കച്ചവടം ചെയ്യുന്ന വടക്കേ മലബാറുകാര്‍ക്ക് കലാശിപാളയം സൗകര്യപ്രദമാണ്. കച്ചവട ആവശ്യങ്ങള്‍ക്കായി നിരവധിപേര്‍ നിത്യേന നാട്ടിലേക്ക് യാത്രചെയ്യുന്നുണ്ട്.

ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സൗകര്യാര്‍ത്ഥം മഡിവാള, കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ധാരാളം സ്വകാര്യബസ്സുകള്‍ നാട്ടിലേക്ക് പുറപ്പെടുന്നുണ്ട്. മഡിവാളയാണ് പ്രധാനകേന്ദ്രം. മലയാളികള്‍ ധാരാളമുള്ള മത്തിക്കരെ, യശ്വന്തപുര, ജലഹള്ളി ഭാഗങ്ങളില്‍ നിന്നും സ്വകാര്യബസ്സുകള്‍ കേരളത്തിലേക്ക് പോകുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ളവ മഡിവാള വഴിയും മലബാര്‍ ഭാഗത്തേക്കുള്ളവ കലാശിപാളയം വഴിയും കടന്നുപോകുന്നു. കലാശിപാളയത്തുനിന്നു മാത്രം ഇരുന്നൂറോളം സ്വകാര്യ ബസ്സുകള്‍ ദിവസവും കേരളത്തിലേക്ക് പോകുന്നുണ്ട്. രാത്രി ഏഴുമണിയോടെ കലാശിപാളയം കേരളബസ്സുകളെ കൊണ്ട് നിറയുന്നു. അനിയന്ത്രിതമായ തിക്കും തിരക്കും നിമിത്തം യാത്രക്കാര്‍ക്കും കലാശിപാളയത്തിനും ഒരുപോലെ ശ്വാസം മുട്ടുന്ന അവസ്ഥയാണ്.

സ്വകാര്യബസ്സുകളുടെ പിടിച്ചുപറി

യാത്രാതിരക്ക് നിശ്ചയിക്കുന്നതില്‍ സ്വകാര്യ ബസ്സുകാര്‍ മുമ്പൊക്കെ മാന്യതയും സത്യസന്ധതയും പുലര്‍ത്തിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ നിരക്കിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വസൂലാക്കും എന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈയ്യിടെയായി യാത്രക്കാരുടെ ബാഹുല്യം കാരണം നിരക്കു നിശ്ചയിക്കുന്നതില്‍ യാതൊരു മാനദണ്ഡവും ഇല്ലാതായിരിക്കുന്നു. ബസ്സുടമകള്‍ കൂട്ടായി തീരുമാനിക്കുന്നതാണ് (ഉടമകള്‍ അക്കാര്യം സമ്മതിച്ചു തരില്ലെങ്കിലും) ഓരോ ദിവസത്തേയും നിരക്ക്.

വാരാന്ത്യങ്ങളിലും സീസണുകളിലും രണ്ടും മൂന്നും ഇരട്ടി ചാര്‍ജ്ജാണ് ബസ്സുടമകള്‍ ഈടാക്കുന്നതെന്ന പരാതി ശക്തമാണ്. നിരക്കു നിശ്ചയിക്കുന്നതില്‍ ഉടമകള്‍ ഒറ്റക്കെട്ടാണെന്ന് വ്യത്യസ്ത ബസ്സുകള്‍ ഒരേ ദിവസം ഈടാക്കുന്ന ‘നിരക്കിലെ ഐക്യം’ പരിശോധിച്ചാല്‍ വ്യക്തമാവും. അന്തര്‍സംസ്ഥാന സര്‍വ്വീസും യാത്രക്കാര്‍ മലയാളികളും ആയതിനാല്‍ നിരക്കു കാര്യത്തില്‍ കര്‍ണാടക ഗവണ്‍മെന്റ് ഇടപെടാറില്ല. അന്യായങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്കാവട്ടെ സ്വകാര്യ ബസ്സുകള്‍ പൊന്‍മുട്ടയിടുന്ന താറാവുകളാണ്. നിരക്കുകാര്യത്തില്‍ പ്രശ്‌നമുണ്ടാക്കി നോട്ടപ്പുള്ളികളാവാന്‍ സ്ഥിരം യാത്രക്കാര്‍ തയ്യാറുമല്ല. മുറുമുറുപ്പും ശാപവചനങ്ങളും ഇല്ലെന്നല്ല. അതൊരു വന്‍പ്രതിഷേധമായി രൂപം കൊണ്ടിട്ടില്ല. കേരള ഗവണ്‍മെന്റ് ആകട്ടെ സ്വകാര്യ ബസ്സുകളെ തൊട്ടുകളിക്കാന്‍ തയ്യാറുമല്ല. കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള നിരക്കിലെങ്കിലും വ്യക്തത വരുത്താന്‍ പ്രവാസികളെ സ്‌നേഹിച്ചുകൊല്ലുന്നു എന്നഭിമാനിക്കുന്ന കേരളത്തിലെ പ്രബുദ്ധ സര്‍ക്കാറിന് കഴിയേണ്ടതല്ലേ,

നഗരവളര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍

സുഭാഷ് നഗര്‍ എന്ന മെജസ്റ്റിക്കാണ് ബെംഗളൂരു മഹാനഗരത്തിന്റെ ഹൃദയകേന്ദ്രം. (സുഭാഷ് നഗറിലെ ഒരു സിനിമാ ടാക്കീസിന്റെ പേരാണ് മെജസ്റ്റിക്ക്. സിനിമയുടെ പ്രഭാവകാലത്ത് ടാക്കീസുകളുടെ പേരിലാണ് നഗരത്തിലെ പല പ്രദേശങ്ങളും അറിയപ്പെട്ടിരുന്നത്. ഗോവര്‍ദ്ധന്‍, നവരംഗ്, സെന്‍ട്രല്‍, കാവേരി, ഉര്‍വ്വശി എന്നിവ ഉദാഹരണം. കാലാന്തരത്തില്‍ സുഭാഷ് നഗര്‍ അപ്രസക്തമാവുകയും മെജസ്റ്റിക് സ്ഥിരപ്രതിഷ്ഠ നേടുകയുമാണുണ്ടായത്.) പ്രധാന റെയില്‍വെ സ്റ്റേഷന്‍, സിറ്റി ബസ്‌സ്റ്റേഷന്‍, ദീര്‍ഘദൂര ബസ് സ്റ്റേഷന്‍ എന്നിവ മെജസ്റ്റിക്കില്‍ അടുത്തടുത്തു സ്ഥിതിചെയ്യുന്നു എന്നു മാത്രമല്ല ഇവ മൂന്നും ഭൂഗര്‍ഭ പാതയിലൂടെ പരസ്പരം കൂട്ടിയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോ തീവണ്ടിയുടെ സെന്‍ട്രല്‍ ലൈന്‍ (പ്രധാന ജംഗ്ഷന്‍) കൂടി മെജസ്റ്റിക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്.

കേമ്പേഗൌഡ ബസ്‌ സ്റ്റാന്റ് -ബെന്ഗളൂരു

നഗരത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ മെജസ്റ്റിക്കില്‍ എത്താന്‍ കഴിയും. കേരളത്തിലേക്കുള്ള കര്‍ണാടകത്തിന്റേയും കേരളത്തിന്റേയും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ മെജസ്റ്റിക്കില്‍ നിന്നാണ് പുറപ്പെട്ടിരുന്നത്. മെട്രോകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ബസ്സുകള്‍ മൈസൂര്‍ റോഡ് സാറ്റ്‌ലൈറ്റ് സ്റ്റേഷനിലേക്ക് മാറ്റി. മെട്രോ തീവണ്ടി സര്‍വ്വീസിന്റെ സിരാകേന്ദ്രമായതോടെ ദീര്‍ഘദൂര അന്തര്‍സംസ്ഥാന ബസ്സുകള്‍ക്ക് ഇനി മെജസ്റ്റിക്കില്‍ വളരെ പരിമിതമായേ ഇടം ലഭിക്കുകയുള്ളൂ.

നഗരത്തിന്റെ തെക്കുപടിഞ്ഞാറെ അറ്റത്ത് കിടക്കുന്ന മൈസൂര്‍ റോഡ് സാറ്റ്‌ലൈറ്റ് സ്റ്റേഷനിലേക്ക് ഇതരഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞു. ഈ സാഹചര്യം മുതലെടുത്തത് സ്വകാര്യ ബസ്സുകളാണ്.

ഏതായാലും ചില ഇടപെടലുകളുടെ ഫലമായി ഏതാനും കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ ശാന്തിനഗറില്‍ നിന്നും കലാശിപാളയത്തു നിന്നും പുറപ്പെടാന്‍ ഈയ്യിടെ ധാരണയായിട്ടുണ്ട്.  മലയാളികേന്ദ്രമായ പീന്യാമേഖലയില്‍

പ്രവര്‍ത്തനമാരംഭിച്ച സാറ്റ്‌ലൈറ്റ് സ്റ്റേഷനില്‍നിന്നും കേരളത്തിലേക്ക് ബസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്  .പക്ഷെ ഇതുകൊണ്ടൊന്നും യാത്രക്കാരുടെ ആവശ്യത്തിന്റെ പത്തുശതമാനം പോലും പരിഹരിക്കപ്പെടില്ല എന്നതാണ് വസ്തുത. അത്രയേറെയാണ് യാത്രക്കാരുടെ എണ്ണം പെരുകുന്നത്. ബെംഗളൂരുവിനെ ഒരു സ്‌പെഷ്യല്‍ സോണായി പരിഗണിച്ച് ആധുനികസൗകര്യങ്ങളുള്ള കൂടുതല്‍ ബസ്സുകള്‍ നഗരത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും ഓടിക്കാനുള്ള നയപരമായ തീരുമാനം കര്‍ണാടകവുമായി കൂടിയാലോചിച്ച് കൈക്കൊള്ളാന്‍ മുന്‍കൈ എടുക്കേണ്ടത് കേരളമാണ്. നിലവിലുള്ള സ്ഥിതിയും വ്യവസ്ഥകളും പാടേ പൊളിച്ചെഴുതേണ്ടതുണ്ട്.

വിപ്ലവകരമായ നവീകരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നഷ്ടക്കയത്തില്‍ നിന്ന് കരകയറാന്‍ ബെംഗളൂരു സ്‌പെഷ്യല്‍ സോണ്‍ പദ്ധതി കേരളട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ കുറെയൊക്കെ സഹായിക്കുകയും ചെയ്യും. സ്വകാര്യലോബിയുടെ കൊടുംചൂഷണം നിയന്ത്രിക്കപ്പെടേണ്ടതും അടിയന്തരാവശ്യമാണ്.

പുതിയ തീവണ്ടികള്‍ ഓടിക്കണം

ബെംഗളൂരുവില്‍ നിന്ന് 22 തീവണ്ടികള്‍ കേരളത്തിലേക്ക് ഓടുന്നുണ്ട്. സിറ്റിസ്റ്റേഷനില്‍ നിന്ന് 13ഉം യശ്വന്തപുരത്തുനിന്ന് 9ഉം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വന്ന് നഗരത്തിലൂടെ കേരളത്തിലേക്ക് പോകുന്നവയും സ്‌പെഷ്യല്‍ ട്രെയിനുകളും കൂടി ചേരുമ്പോള്‍ മൊത്തം തീവണ്ടികള്‍ മുപ്പതിലേറെയാണ്. എന്നാല്‍ ഇതില്‍ 9 തീവണ്ടികളേ ദിവസവും സര്‍വ്വീസ് നടത്തുന്നുള്ളൂ. 7 തീവണ്ടികള്‍ സിറ്റിയില്‍ നിന്നും 2 എണ്ണം യശ്വന്തപുരത്തുനിന്നും. ബാക്കിയുള്ളവ പ്രതിവാരമോ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഓടുന്നവയോ ആണ്. രണ്ടാം ടെര്‍മിനലായ യശ്വന്തപുര പ്രധാന സ്റ്റേഷനായി വികസിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ട്രെയിനുകളേറെയും യശ്വന്തപുരത്തുനിന്നാണ് പുറപ്പെടുന്നത്. പ്രതിദിനം 85 ട്രെയിനുകള്‍ കടന്നുപോകുന്ന യശ്വന്തപുരം സ്റ്റേഷനില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്.

കേരളത്തിലേക്ക് ഒട്ടേറെ തീവണ്ടികളുണ്ടെങ്കിലും യാത്രക്കാരുടെ ഒഴുക്ക് പരിഗണിക്കുമ്പോള്‍ അവ അപര്യാപ്തമാണെന്ന് കാണാം. സാധാരണ ദിവസങ്ങളില്‍ തന്നെ റിസര്‍വ്വേഷന്‍ കിട്ടാത്ത അവസ്ഥയാണുള്ളത്. അവധിക്കാലത്തും ഉത്സവ സീസണുകളിലും തീവണ്ടിയെപ്പറ്റി ആലോചിക്കുകയേ വേണ്ട. യാത്രക്കാരുടെ വര്‍ദ്ധനവിനനുസരിച്ച് തീവണ്ടികള്‍ കൂടുന്നില്ല. കൂടുതല്‍ തീവണ്ടികള്‍ ഓടിക്കണമെന്ന യാത്രക്കാരുടെയും മലയാളി സംഘടനകളുടേയും മുറവിളി ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനു പിന്നില്‍ മറ്റു താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നാണ് ആരോപണം. സ്വകാര്യ ബസ്സ് ലോബിയുടെ സ്വാധീനം ഇക്കാലമത്രയും ശക്തമായിരുന്നു താനും.

ചുരുങ്ങിയത് രണ്ട് പ്രതിദിന തീവണ്ടികള്‍കൂടി  ബെംഗളൂരുവില്‍ നിന്ന് അടിയന്തിരമായി കേരളത്തിലേക്ക് ഓടിക്കേണ്ടതുണ്ട്. ഒന്ന് തിരുവനന്തപുരം ഭാഗത്തേക്കും മറ്റേത് കണ്ണൂര്‍ ഭാഗത്തേക്കും. യാത്രക്കാര്‍ക്ക് ഉപകരിക്കുംവിധം പുറപ്പെടുന്ന സമയം ക്രമീകരിക്കുകയും വേണം. രണ്ടു പുതിയ തീവണ്ടികളും യശ്വന്തപുരത്തുനിന്ന് പുറപ്പെടുന്നതില്‍ യാത്രക്കാര്‍ക്ക് എതിര്‍പ്പൊന്നുമില്ല. തീവണ്ടിയുടെ മറ്റു രണ്ടു സ്റ്റോപ്പുകളായ ബാനസവാഡിയും കര്‍മിലാരവും നവീകരിക്കേണ്ടതുണ്ട്. ഐ.ടി മേഖലയിലെ ഈ രണ്ടു സ്റ്റോപ്പുകളും രേഖയില്‍ ഇപ്പോഴും താല്‍ക്കാലികമാണ്. നൂറുക്കണക്കിനാളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന സ്റ്റേഷനുകളാണിവ.

അടുത്ത ബജറ്റില്‍ രണ്ടു പുതിയ തീവണ്ടികള്‍ ലഭിക്കും, നിലവിലുള്ളവയുടെ സര്‍വ്വീസ് മെച്ചപ്പെടും എന്നൊക്കെയുള്ള വിശ്വാസം യാത്രക്കാരില്‍ ശക്തിപ്പെടുന്നുണ്ട്. രണ്ടു പുതിയ തീവണ്ടികള്‍ കൂടി വന്നാലും യാത്രക്കാരുടെ ദുരിതം അവസാനിക്കില്ല. കേരളട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും അവസരത്തിനൊത്തുയരണം. സ്വകാര്യലോബിയുടെ പിടിച്ചു പ

ലേഖകന്‍

റിയില്‍ നിന്ന് യാത്രക്കാരെ മോചിപ്പിക്കാനുള്ള ചുമതല പ്രാഥമികമായും കേരളഗവണ്മെന്റിനാണ്. റെയില്‍വെയെപ്പോലും ബോദ്ധ്യപ്പെടുത്തേണ്ടത് കേരളഗവണ്‍മെന്റാണ് .”കല്ലട” സംഭവത്തിന് ശേഷം കേരള ഗവണ്മെന്റ് ഉണർന്നുപ്രവർത്തിക്കുന്നതായി അനുഭവപ്പെടുന്നുണ്ട് .ഈ ആവേശം താത്കാലികമാകരുത് .ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങളിൽ ഗവണ്മെന്റ് നിരന്തരമായി ഇടപെടണം .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us