ബെംഗളൂരു: ചേതൻ, ചിരഞ്ജീവി സർജ തുടങ്ങിയവർ അഭിനയിക്കുന്ന ‘രണം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. സിനിമയിലെ സംഘട്ടന രംഗത്തിൽ കാറുകൾ പൊട്ടിത്തെറിക്കുന്നത് ചിത്രീകരിക്കുമ്പോൾ അവശിഷ്ടങ്ങൾ തെറിച്ചുവീണ് ചിത്രീകരണം കാണാനെത്തിയ അമ്മയും മകളും മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ബാഗലൂരിലാണ് സംഭവം.
ബാഗലൂർ സ്വദേശികളായ സുമേര (28), മകൾ ആര്യ (8) എന്നിവരാണ് മരിച്ചത്. സുമേരയുടെ ഭർത്താവിനും ഇളയ കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കാറുകൾ പൊട്ടിത്തെറിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കാറിന്റെ അവശിഷ്ടങ്ങൾ തെറിച്ച് ഇവരുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. സുമേരയും ആര്യയും ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് മരിച്ചു. ബാഗലൂരിൽനിന്ന് സുലിബെലിയിലേക്ക് പോകുന്നതിനിടെയാണ് സിനിമാചിത്രീകരണം കണ്ട് സുമേരയും കുടുംബവും സ്ഥലത്തെത്തിയത്.
കാർ പൊട്ടിത്തെറിക്കുമ്പോൾ മറ്റുള്ളവർ ഒഴിഞ്ഞുമാറിയെങ്കിലും ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഗ്യാസ് സിലിൻഡർ ഉപയോഗിച്ചുള്ള നിയന്ത്രിത സ്ഫോടനത്തിലൂടെയായിരുന്നു കാറുകൾ തകർത്തത്. ഇത്തരം സ്ഫോടനങ്ങൾ നടത്തുമ്പോൾ പൊതുജനങ്ങളെ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാറില്ല. എന്നാൽ, ഇവിടെ നിയന്ത്രണങ്ങളുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു.
സ്ഫോടനം നടത്തുന്നതിന് അഗ്നിരക്ഷാസേനയിൽനിന്ന് മതിയായ അനുമതിയും വാങ്ങിയിരുന്നില്ല. അപകടം നടക്കുമ്പോൾ നടന്മാരായ ചേതനും ചിരഞ്ജീവി സർജയും സ്ഥലത്തുണ്ടായിരുന്നില്ല. അപകടത്തെത്തുടർന്ന് സിനിമാചിത്രീകരണം നിർത്തിവെച്ചു. വി. സമുദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ.
2016-ൽ ദുനിയാ വിജയ് നായകനായ മാസ്തി ഗുഡി എന്നസിനിമയുടെ ചിത്രീകരണത്തിനിടെ രണ്ടു ജൂനിയർ ആർട്ടിസ്റ്റുകൾ ടി.ജി. ഹള്ളി തടാകത്തിൽ മുങ്ങിമരിച്ചിരുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. സംഭവം വലിയ വിവാദമായതിനെത്തുടർന്ന് ചിത്രീകരണ സ്ഥലങ്ങളിൽ സുരക്ഷ കർശനമാക്കാൻ സിനിമാരംഗത്തെ വിവിധ സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ, സിനിമാ ചിത്രീകരണത്തിന് ഇപ്പോഴും മതിയായ സുരക്ഷയില്ലെന്ന പരാതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.