ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ ആയുധമാവും!! തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ റെയ്ഡിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ആരോപണം.

ബെംഗളൂരു: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ റെയ്ഡിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന ആരോപണം ദേശീയതലത്തിൽ ഉയർത്താനാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി വ്യാഴാഴ്ച തെരുവിലിറങ്ങിയത്.

ജനതാദൾ-എസ്(ജെ.ഡി.എസ്.) മന്ത്രി സി.എസ്. പുട്ടരാജു അടക്കമുള്ള നേതാക്കളുടെവീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ ആയുധമാവും. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ കുമാരസ്വാമിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സർക്കാർ പ്രതിഷേധത്തിനിറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

ബംഗാളിൽ അന്വേഷണത്തിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥർക്കെതിരേ മുഖ്യമന്ത്രി മമതാ ബാനർജി സ്വീകരിച്ച നടപടിക്ക് സമാനമായ നീക്കമാണ് കർണാടകത്തിലുണ്ടായത്. ഭാവിയിലും ഇത്തരം നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പും കുമാരസ്വാമി നൽകി. റെയ്ഡിൽ പത്തുരൂപപോലും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും എന്തും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പകപോക്കലാണ് റെയ്ഡിന് കാരണമെന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണത്തിന് ശക്തിപകർന്ന് ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം, പൊതുമരാമത്ത് എൻജിനീയറുടെപേരിലെടുത്ത ബെംഗളൂരുവിലെ ഹോട്ടൽമുറിയിൽനിന്ന് ആദായനികുതി ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വ്യാഴാഴ്ചത്തെ റെയ്‌ഡ് എന്നാണ് സൂചന. പൊതുമരാമത്ത്, ജലസേചന വകുപ്പുകളിൽ കരാറുകൾ നൽകുന്നതിൽ ക്രമക്കേടുണ്ടെന്ന് തെളിവുലഭിച്ചതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയതെന്നും രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. രേഖകൾ പരിശോധിച്ചശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാരുണ്ടാക്കുന്നതിന് കുമാരസ്വാമിയെ സ്വാധീനിക്കാൻ ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ ശ്രമിച്ചെന്നാണ് ദേവഗൗഡ വെളിപ്പെടുത്തിയത്. ഇതു നടക്കാത്തതിന്റെ പ്രതികാരമാണെന്നാണ് ദേവഗൗഡയുടെ ആരോപണം. ഇത് കോൺഗ്രസും ദേശീയതലത്തിൽ ഉന്നയിക്കും. കർണാടകത്തിലെ കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ അഴിമതിയാണ് റെയ്ഡിന് കാരണമെന്ന പ്രചാരണമാണ് ബി.ജെ.പി.യുടേത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us