ബെംഗളൂരു: യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയപ്പോൾ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറുന്നു. നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ബസ് കയറാൻ നടക്കേണ്ടത് ഒരുകിലോമീറ്ററോളം. ശിവാജി നഗറിലെത്താൻ ഒട്ടോവിളിച്ചാൽ കൊടുക്കേണ്ടത് 400 രൂപ. ഒാൺലൈൻ ടാക്സി വിളിച്ചാൽ ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കാത്തുനിൽക്കണം. സുരക്ഷയുടെ കാര്യമാണെങ്കിൽ പരിതാപകരം. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളുടെ പ്രവർത്തനം കാര്യക്ഷമല്ല.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ഈ സമയം ചുരുക്കം ഒട്ടോകളാണ് സർവീസ് നടത്തുന്നത്. ഭൂരിപക്ഷം ഓട്ടോകളും സ്റ്റേഷന് പുറത്തായിരിക്കും. ഇവർ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കാണ്. മൂന്നുകിലോമീറ്റർ യാത്രയ്ക്ക് 200 രൂപ വരെ ഇടാക്കുന്നവരുണ്ട്.
സുരക്ഷയുടെ കാര്യത്തിലും ബഹുദൂരം പിന്നിലാണ് ബാനസവാടി സ്റ്റേഷൻ. കഴിഞ്ഞവർഷം മോഷണശ്രമത്തിന് ഇരയായ മലയാളി യുവാവിന്റെ ജീവൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റെയിൽവേ സ്റ്റേഷന്റെ പുറകിലൂടെ പരിശോധനയില്ലാതെ പ്ലാറ്റ്ഫോമിലേക്ക് ആർക്കും കടക്കാമെന്നത് വലിയൊരു സുരക്ഷാഭീഷണിയാണ്. ആർ.പി.എഫിന്റെയോ പോലീസിന്റെയോ മതിയായസുരക്ഷ ഇവിടെയില്ല.
ബാനസവാടിയിൽനിന്ന് രാത്രി 8.15-ന് പുറപ്പെടേണ്ട തീവണ്ടി പലപ്പോഴും ഒന്നോ രണ്ടോ മണിക്കൂറുകൾ വൈകിയാണ് ഓട്ടം തുടങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 12.10-ഓടെയാണ് സർവീസ് തുടങ്ങിയത്. മണിക്കൂറുകളോളം സ്റ്റേഷനിൽ കഴിയേണ്ടിവരുന്നത് യാത്രക്കാരുടെബുദ്ധിമുട്ട് വർധിപ്പിക്കുന്നു. സ്റ്റേഷനു സമീപത്ത് ഭക്ഷണശാലകളുമില്ല. കൃത്യസമയം പാലിക്കാത്തതിനാൽ ദുരിതമനുഭവിക്കുന്നതിലേറെയും സ്ഥിരയാത്രക്കാരാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.