സംസ്ഥാനത്ത് ആറുവർഷത്തിനിടെ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ എട്ടുമടങ്ങ് വർധന!

ബെംഗളൂരു: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയാൻ കഴിയാതെ അധികൃതർ. ബോധവത്കരണവും നിയമനടപടികളും ശക്തമാണെങ്കിലും സംസ്ഥാനത്ത് ആറുവർഷത്തിനിടെ ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായത് എട്ടുമടങ്ങ്. സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവ വിവാഹങ്ങൾ ഇപ്പോഴും തുടരുന്നത്.

പോലീസിന്റെ കണക്കനുസരിച്ച് 2012-ൽ ഒമ്പത് ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2018-ൽ എണ്ണം 75 ആയി. 2014-ൽ 41 ശൈശവ വിവാഹങ്ങളാണ് സംസ്ഥാനത്ത് നടന്നത്. തൊട്ടടുത്ത വർഷം 34 ആയി കുറഞ്ഞുവെങ്കിലും 2016-ൽ 48 ആയി വർധിച്ചു. 2017-ൽ 67 വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പല ഗ്രാമങ്ങളിലും ആചാരങ്ങളുടെ ഭാഗമായി ശൈശവ വിവാഹം നടക്കുന്നു. ഹവേരി, ധാർവാഡ്, ബീജാപുർ, ഗുൽബർഗ, ബീദർ തുടങ്ങിയ ജില്ലകളിലാണ് ശൈശവ വിവാഹങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാതാപിതാക്കളുടെയും നാട്ടുകാരുടെയും അനുമതിയോടെ നടക്കുന്ന ഇത്തരം വിവാഹങ്ങൾ നടന്ന് മാസങ്ങൾക്കുശേഷമായിരിക്കും പോലീസിന്റെയും മറ്റ് അധികൃതരുടെയും അറിവിലെത്തുന്നത്. ശൈശവവിവാഹം സംബന്ധിച്ച കേസുകൾ കോടതിയിലെത്തുമ്പോഴും രക്ഷിതാക്കളുടെ നിസഹകരണം പോലീസിന് തിരിച്ചടിയാകും.

ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിലവിൽ ശൈശവ വിവാഹങ്ങൾക്കെതിരേ നടപടിയെടുക്കുന്നത്. ഇത്തരം വിവാഹങ്ങൾ നടക്കുന്നതറിഞ്ഞ് തടയാനെത്തുമ്പോൾ നാട്ടുകാർ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

അതേസമയം ശൈശവ വിവാഹങ്ങളിൽനിന്നു മോചിപ്പിക്കുന്ന പെൺകുട്ടികളെ താമസിപ്പിക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തത് തിരിച്ചടിയാകുകയാണെന്ന് സന്നദ്ധ സംഘടനകളുടെ ആരോപണം. പെൺകുട്ടികൾക്ക് 13 വയസ്സായാൽ വിവാഹപ്രായമെത്തിയെന്ന് വിശ്വസിക്കുന്ന രക്ഷിതാക്കളും നാട്ടുകാരും ശൈശവവിവാഹം തെറ്റായി കാണാത്തതാണ് അധികൃതർക്ക് തലവേദനയാകുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us