ചരിത്രത്തില്‍ ആദ്യമായി ക്രൈസ്തവ സഭയുടെ പരമാധ്യക്ഷന്‍ “മാര്‍പാപ്പ” അറേബ്യന്‍ മണ്ണില്‍!!

അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെത്തുന്നത്. രാജകീയ സ്വീകരണമാണ് മാര്‍പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത്.

മാര്‍പാപ്പയെ സ്വീകരിക്കാന്‍ പ്രമുഖ രാജകുടുംബാംഗങ്ങള്‍ സന്നിഹിതരായിരുന്നു. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. യു.എ.ഇ. സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന വേളയിലാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍റെ വരവ് എന്ന പ്രത്യേകതയു൦കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. ഒരു മുസ്ലീം രാജ്യത്തേക്ക്, മതവിശ്വാസങ്ങള്‍ രാഷ്ട്ര നിയമങ്ങളായ ഗള്‍ഫ് മേഖലയിലേക്ക് ഒരു ക്രൈസ്തവ സഭയുടെ പരമാധ്യക്ഷന്‍ ആദ്യമായെത്തുന്നുവെന്ന കൗതുകത്തിനപ്പുറമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനം.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേരിട്ടുള്ള ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ എത്തിയിരിക്കുന്നത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തിന് പങ്ക് വെക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

ഭീകരവാദം, യെമനിലെ ആഭ്യന്തര യുദ്ധം തുടങ്ങിയവ ഗള്‍ഫ് മേഖലയെ ചൂടുപിടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിയെക്കുറിച്ചു മാര്‍പാപ്പ യു.എ.ഇയില്‍ എന്തു പറയുമെന്നാണ് ലോകം കാതോര്‍ക്കുന്നത്. മേഖലയിലെ ഭീകരതയും സാമ്പത്തിക അസമത്വവും സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകും. യു.എ.ഇ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള വത്തിക്കാനിലെ പ്രാര്‍ഥനയില്‍ യെമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. യെമനില്‍ വിമതര്‍ക്കെതിരെ സൗദിക്കാപ്പം സഖ്യമായി യു.എ.ഇ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പ്രസ്താവന.

പത്ത് ലക്ഷത്തിലധികം വരുന്ന, വിവിധ രാജ്യക്കാരായ കത്തോലിക്കാ സഭാ വിശ്വാസികളുണ്ട് യു.എ.ഇ.യില്‍. 76 ക്രൈസ്തവ ദേവാലയങ്ങളും യു.എ.ഇ.യിലുണ്ട്. ചൊവ്വാഴ്ചയാണ് മാര്‍പാപ്പയുടെ പ്രധാന പരിപാടി. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധകുര്‍ബാനയിലും ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് പങ്കെടുക്കുക. യു.എ.ഇ.യിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരും പരിപാടിയില്‍ പങ്കെടുക്കും.

കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന മതാന്തര സംവാദത്തില്‍ അമൃതാനന്ദമയി മഠത്തില്‍ നിന്ന് സ്വാമി അമൃതസ്വരൂപാനന്ദ, കേരളാ മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി  സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരും പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us