ബെംഗളൂരു: പണവും അധികാരവും എങ്ങനെയാണ് നമ്മുടെ സംവിധാനങ്ങളെ നിയന്ത്രിക്കുന്നത് എന്നതിന് ഉറ്റ തെളിവാണ് ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം. കർണാടകം ഭരിക്കുന്നത് കോൺഗ്രസ്-ജെഡിഎസ് സഖ്യം ആണെങ്കിലും ബംഗളുരുവിലെ ജയിലിൽ ശശികലയ്ക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കണം എന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാളെ ശശികലയുടെ സമയം തെളിയുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഈ രാഷ്ട്രീയക്കാർ. ഇവരാണ് ഇപ്പോൾ ജയിലിൽ അവർക്ക് സുഖവാസം ഒരുക്കാൻ കൂട്ടുനിൽക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്കു ജയിലിൽ ലഭിക്കുന്നത് വിഐപി പരിഗണന തന്നെയാണെന്ന് വ്യക്തമാകുന്നു. നേരത്തെ വാർത്തകളെ തുടർന്ന് ഇവർക്ക് വിഐപി പരിഗണന നൽകുന്നില്ലെന്നാണ് ജയിൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് മുറികൾ, പ്രത്യേകം പാചകക്കാരി, അടുക്കള, നിയന്ത്രണമില്ലാതെ സന്ദർശകർ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുമായാണ് ശശികലയുടെ ജയിൽവാസമെന്നാണു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.
ജയിലിലെ സൗകര്യങ്ങളെല്ലാം ശശികല നേടിയെടുത്തതു കൈക്കൂലി നൽകിയാണെന്ന് നരസിംഹ മൂർത്തി ആരോപിച്ചു. ടെലിവിഷൻ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം, നോൺവെജിറ്റേറിയൻ ഭക്ഷണം എന്നിവയായിരുന്നു ശശികല ജയിലിൽ ആവശ്യപ്പെട്ടത്. ജയിലിലെ നാലു മുറികളിൽ കഴിഞ്ഞിരുന്ന വനിതാ തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതൽ ശശികലയ്ക്ക് അഞ്ച് മുറികൾ അനുവദിച്ചത്. ചുരക്കിപ്പറഞ്ഞാൽ ജയിലിനെ വീടാക്കി മാറ്റിയാണ് ശശികല അവിടെ കഴിയുന്നതെന്ന വ്യക്തം.
ജയിലിൽ പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ലെങ്കിലും ഒരു തടവുകാരിയെ ശശികലയ്ക്കു ഭക്ഷണം ഉണ്ടാക്കുന്നതിനായി ജയിൽ അധികൃതർ നിയോഗിക്കുകയായിരുന്നെന്ന് നരസിംഹ മൂർത്തി വ്യക്തമാക്കി. ജയിലിലെ നിയമങ്ങളും രീതികളും മറികടന്ന് ശശികലയെ കാണുന്നതിനു സംഘമായാണ് ആളുകളെത്തുന്നത്. നേരിട്ട് ശശികലയുടെ മുറിയിലെത്തുന്ന സന്ദർശകർ 34 മണിക്കൂർ വരെ ജയിലിൽ ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയിൽ മറ്റ് ജയിൽപുള്ളികളെ സന്ദർശിക്കാൻ ആളുകൾ എത്തുന്നത് നിയന്ത്രണമുണ്ട്. എന്നാൽ, ഇതൊന്നും ശശികലയ്ക്ക് മുമ്പിൽ വിലപ്പോകുന്നില്ല.
ശശികലയ്‌ക്കെതിരെ സമാനമായ കണ്ടെത്തലുമായി നേരത്തേ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി. രൂപ രംഗത്തെത്തിയിരുന്നു. 2 കോടി രൂപയോളം കൈക്കൂലി നൽകിയാണ് ശശികല ജയിലിൽ വിഐപി പരിഗണന സ്വന്തമാക്കിയതെന്നും തന്റെ മേലുദ്യോഗസ്ഥനായ ഡയറക്ടർ ജനറൽ ഓഫ് പ്രിസൻസ് എച്ച്.എൻ. സത്യനാരായണ റാവുവിനും ഇതിൽ പങ്കുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ ഇതിനു പിന്നാലെ ഡി. രൂപയെ സ്ഥലംമാറ്റുകയായിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തി ശശികലയും സഹായികളും ജയിലിൽ നിരവധി സൗകര്യങ്ങൾ നേടിയെടുത്തതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
ജയിൽ അധികൃതരുടെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണ സംഘം പരിശോധിച്ചത്. ജയിലിലെ മറ്റു കുറ്റവാളികൾക്ക് മാസത്തിൽ രണ്ടു തവണ മാത്രമാണു സന്ദർശകരെ അനുവദിച്ചിരുന്നത്. എന്നാൽ ശശികലയ്ക്ക് ഇക്കാര്യത്തിൽ നിയന്ത്രണങ്ങളേതുമുണ്ടായിരുന്നില്ല. അഞ്ച് മുറികളും ഭക്ഷണം പാകം ചെയ്തു നൽകാൻ അജന്ത എന്ന പാചകക്കാരിയെയും ചുമതലപ്പെടുത്തിയിരുന്നെന്നും സംഘം കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.